തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ്. ഉഭയ കക്ഷി ചർച്ചകളിൽ കാനം രാജേന്ദ്രനിൽ നിന്ന് വിഷയം മറച്ചുവച്ചതായി ആക്ഷേപം. ഈ മാസം 11 നാണ് മന്ത്രിസഭയിൽ ലോകായുക്ത ഓർഡിനൻസ് വിഷയം അവതരിപ്പിച്ചത്. കൂടുതൽ പഠിക്കണമെന്ന സിപിഐ മന്ത്രിമാരുടെ ആവശ്യപ്രകാരം വിഷയം മാറ്റിവച്ചു. രണ്ട് ദിവസത്തിന് ശേഷം ചേർന്ന ഉഭയകക്ഷി ചർച്ചയിൽ ഓർഡിനൻസ് വിഷയം സിപിഐഎം മാറ്റിവച്ചു.
അതേസമയം ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് മന്ത്രിസഭ പരിഗണിക്കുന്നത് പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലിൽ സിപിഐ നേതൃത്വം. ഒരു മന്ത്രിസഭായോഗത്തില്‍ മാറ്റിവെച്ച ഓര്‍ഡിനന്‍സിന്‍റെ ഉള്ളടക്കം സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാത്തതിലുള്ള അതൃപ്തി പാര്‍ട്ടി നേതൃത്വം മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. മൂന്നാം തീയതി ചേരുന്ന പാർട്ടി എക്സിക്യൂട്ടീവ് ലോകായുക്ത നിയമഭേദഗതിയും അതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കുണ്ടായ വീഴ്ചയും ചര്‍ച്ച ചെയ്യും.
സിപിഐ സംസഥാന നേതൃത്വം ഓർഡിനൻസിനെതിരെ പരസ്യ വിമർശനങ്ങൾ നടത്തിയതതോടെ വിയോജിപ്പുണ്ടായിരുന്നുവെങ്കിൽ സിപിഐ മന്ത്രിമാർ എന്തുകൊണ്ട് അത് മന്ത്രി സഭയിൽ പറഞ്ഞില്ലെന്ന് സിപിഎം ചോദ്യമുന്നയിച്ചു. മന്ത്രിസഭയിൽ മൗനം പാലിച്ച മന്ത്രിമാർ ഇനി പുറത്ത് വിമർശനമുന്നയിക്കുന്നതിൽ കാര്യമില്ലെന്ന നിലപാട് സിപിഐക്കിടയിലുമുണ്ട്. ഒരു തവണ മാറ്റിവെയ്ക്കുകുയും രണ്ടാം തവണ മന്ത്രിസഭ പാസാക്കുകയും ചെയ്ത ലോകായുക്ത ഓര്‍ഡിനന്‍സ് മനസിലാക്കുന്നതില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് വീഴ്ചപറ്റിയെന്നതാണ് സിപിഐ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
അതേസമയം, ലോകായുക്ത നിയമഭേദഗതിയില്‍ ഗവർണർ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാര്‍ വേഗത്തില്‍ മറുപടി നല്‍കും. നിലവിലെ ലോകായുക്ത നിയമം ഭരണഘടനവിരുദ്ധമാണെന്ന നിലപാട് ഗവർണർക്ക് മുന്നില്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. വിശദീകരണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഗവർണർ ഓര്‍ഡനന്‍സ് തിരിച്ചയച്ചേക്കും.
വിവാദമായ ലോകായുക്ത നിയമഭേദഗതിയില്‍ നിയമോപദേശം തേടിയ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം കൂടി തേടിയതോടെ ഓര്‍ഡിനന്‍സില്‍ ഗവർണർ ഉടനെ ഒപ്പ് വെയ്ക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഗവർണർ ഇന്നലെ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാരിന്‍റെ മറുപടി വേഗത്തിലുണ്ടാകുമെന്നാണ് സൂചന. നിലവിലെ നിയമത്തിലെ ഭരണഘടന വിരുദ്ധതയില്‍ ഊന്നിയുള്ള മറുപടിയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കുക.