മസ്‌കറ്റ്: വിരമിച്ച താരങ്ങള്‍ മത്സരിച്ച പ്രഥമ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വേള്‍ഡ് ജയന്‍റ്സ് കിരീടം സ്വന്തമാക്കി. ഒമാനില്‍ നടന്ന ഫൈനലില്‍ ഏഷ്യ ലയൺസിനെ 25 റൺസിനാണ് തോൽപ്പിച്ചത്. വെടിക്കെട്ട് ബാറ്റിംഗുമായി കോറി ആന്‍ഡേഴ്‌സണ്‍ ഫൈനലിലെയും മോണി മോര്‍ക്കല്‍ ടൂര്‍ണമെന്‍റിന്‍റേയും താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വിജയലക്ഷ്യമായ 257 റൺസ് പിന്തുടര്‍ന്ന ഏഷ്യന്‍ ടീം 231 റൺസിന് പുറത്തായി. സനത് ജയസൂര്യ 23 പന്തില്‍ 38ഉം മുഹമ്മദ് യൂസഫ് 21 പന്തില്‍ 39ഉം തിലകരത്‌നെ ദില്‍ഷന്‍ 16 പന്തില്‍ 25ഉം നായകന്‍ മിസ്ബ ഉള്‍ ഹഖ് മൂന്ന് പന്തില്‍ രണ്ടും റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആൽബി മോര്‍ക്കലാണ് ഏഷ്യയെ തകര്‍ത്തത്. മോണ്ടി പനേസര്‍ രണ്ടും കെവിന്‍ പീറ്റേഴ്‌സണും മോണി മോര്‍ക്കലും സൈഡ്‌ബോട്ടമും ഓരോ വിക്കറ്റും സ്വന്തമാക്കുകയും ചെയ്തു.