തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം.വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിയിലാണ് രോഗം സ്ഥിരീകരിച്ചത്.ഒന്നും രണ്ടും തരംഗങ്ങളുടെ അനിശ്ചിതത്വങ്ങൾ അതിജീവിച്ചതിനൊപ്പം ലോക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും പിടിച്ചുകെട്ടലുകളിൽനിന്ന് വാക്സിൻ പ്രതിരോധത്തിന്റെ ആത്മവിശ്വാസവുമാർജിച്ചാണ് കേരളം മൂന്നാംതരംഗത്തെ നേരിടുന്നത്.
ലോക്ക്ഡൗണും ക്വറന്റൈനും ഐസൊലേഷനുമെല്ലാം ജീവിതത്തിന്റെ ഭാഗമായി.മാസ്കിടാനും ഏത് നേരവും കൈ കഴുകാനും സോപ്പിടാനും ശീലിച്ചു. ഇരിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരുന്ന നമ്മളെ ഒരു വൈറസ് മാസങ്ങള്‍ വീട്ടിലിരുത്തി. പരിപാടികള്‍ ഓണ്‍ലൈനിലേക്ക് ചുരുങ്ങി.
രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് നമ്മള് ഭീതിയോടെ നോക്കി നിന്നു. എന്തും വരട്ടെയെന്നമട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും സര്‍ക്കാരുമൊക്കെ പണിയെടുത്തു. കൂട്ടായി നാട്ടുകാരും. ആദ്യ അന്താളിപ്പ് മാറുമ്പോഴേക്കും ആശ്വാസമായി വാക്സിനെത്തി. കോവാക്സിനും കോവിഷീല്‍ഡും പ്രതീക്ഷയുടെ പര്യായമായി.
സംസ്ഥാനത്ത് ഏറ്റവുമധികം പേർ മരിക്കാനിടയായത് രണ്ടാം തരംഗത്തിലാണ്. മരണപ്പട്ടികയിൽ ഉൾപ്പെടുത്താതെ കേരളമൊളിപ്പിച്ച മരണങ്ങൾ അന്നുമുതലേ വിവാദമായിരുന്നു. മരണം കണക്കാക്കുന്ന രീതി തന്നെ പിന്നീട് മാറ്റേണ്ടി വന്നു. ഏഴായിരം മരണം പിന്നീട് പുറത്തുവിടുമെന്ന് സർക്കാർ സമ്മതിച്ചു. പഴയ മരണം കൂട്ടത്തോടെ പുറത്തുവന്നപ്പോൾ ഇന്ന് 53,000 കടന്നിരിക്കുകയാണ് മരണനിരക്ക്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് കേരളത്തിന്.