തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തിൽ ചർച്ചയാകും. കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. അതേസമയം, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.. തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല.
മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. വിവാഹ, മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. കൊവിഡ് ധനസഹായം വേഗത്തിലാക്കാൻ വില്ലേജ് താലൂക്ക് ഓഫീസുകൾ പ്രവർത്തിക്കും. ട്രഷറികളും പ്രവർത്തിക്കും.