തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. ഞായറാഴ്ചകളിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തിൽ ചർച്ചയാകും. കോവിഡ് അതിതീവ്ര വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് നാളെ അനുമതി.
അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തുടർച്ചയായ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമാകും നിയന്ത്രണങ്ങൾ. വിവാഹ മരണ ചടങ്ങുകൾക്ക് പങ്കെടുക്കാനാവുക 20 പേർക്ക് മാത്രമായിരിക്കും.
പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീൻ ഉൾപ്പടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാർസൽ മാത്രമേ അനുവദിക്കൂ. അത്യാവശ്യ യാത്രക്കാർ യാത്രയുടെ കാരണം വ്യക്തമാക്കുന്ന രേഖ കൈയിൽ കരുതണം. അടിയന്തര സാഹചര്യമെങ്കിൽ വർക്ക്ഷോപ്പുകൾക്കും പ്രവർത്തിക്കാം.
ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും ഉണ്ടാകും. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പോലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല.
മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. കോവിഡ് ധനസഹായം വേഗത്തിലാക്കാൻ വില്ലേജ് താലൂക്ക് ഓഫീസുകൾ പ്രവർത്തിക്കും. ട്രഷറികളും പ്രവർത്തിക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിൽ അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദ്ദേശം.