കോട്ടയം: പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി ജെ എല്‍സിയാണ് പിടിയിലായത്. ഇവരെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് റജിസ്ട്രാറുടെ നടപടി. ഇടത് യൂണിയനിൽ അംഗമായ എൽസിയെ സംഘടനയിൽ നിന്നും പുറത്താക്കി. എംജി സർവകലാശാല എംപ്ളോയീസ് അസോസിയേഷൻ അംഗമായിരുന്നു സി ജെ എല്‍സി. യശസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ ഗുരുതരമായ കുറ്റകൃത്യമാണ് എൽസിയുടേതെന്നും സംഘടന കുറ്റപ്പെടുത്തി.
സംഭവത്തിൽ സർക്കാരും സർവകലാശാലയും സമഗ്രമായ അന്വേഷണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പത്തനംതിട്ട സ്വദേശിനിയായ വിദ്യാർഥിയുടെ പരാതിയെ തുടർന്നായിരുന്നു കോട്ടയം വിജിലൻസിൻ്റെ നിർണായക നീക്കം. എംബിഎ വിദ്യാർഥിനിയുടെ മാർക്ക് ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും കൈമാറാനാണ് സെക്ഷൻ അസിസ്റ്റന്റായ എൽസി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഈ രേഖകൾക്കായി കഴിഞ്ഞ ഒക്ടോബർ മുതൽ വിദ്യാർഥിനി സെക്ഷനിൽ കയറി ഇറങ്ങുന്നു.
ജോലിയിൽ പ്രവേശിക്കാൻ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ജീവനക്കാരിയുടെ ചൂഷണം. ഒക്ടോബറിൽ പതിനായിരം രൂപ വാങ്ങിയ എൽസി നവംബർ 26ന് ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും കൈപ്പറ്റി. ജനുവരിയിൽ ആദ്യ ആഴ്ചയിൽ മറ്റൊരു പതിനായിരം രൂപയും കൈപ്പറ്റി. സർട്ടിഫിക്കറ്റ് ലഭിക്കാൻ അൻപതിനായിരം രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാർഥിനി കോട്ടയം വിജലൻസ് എസ് പി വി ജി വിനോദ് കുമാറിനെ സമീപിച്ചത്.
അൻപതിനായിരം നൽകാനാകില്ലെന്ന് വിദ്യാർഥിനി അറിയിച്ചതോടെ മുപ്പതിനായിരമാക്കി കുറച്ചു. ഇന്ന് തന്നെ പണം കൈമാറാനായിരുന്നു നിർദേശം. സർവകലാശാല ആസ്ഥാനത്തുവെച്ച് വിദ്യാർഥിനി നൽകിയ പതിനയ്യായിരം രൂപ എൽസി കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ മറ്റു ജീവനക്കാരുടെ പങ്കുൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യം ശക്തമാണ്. സർട്ടിഫിക്കറ്റുകൾ നൽകാൻ സർവകലാശാല ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നതായി നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്.