തിരുവനന്തപുരം: സർക്കാർ മേഖലയിൽ മദ്യ ഉദ്പാദനം വർധിപ്പിക്കണമെന്ന് ബിവറേജസ് എംഡിയുടെ ശുപാർശ. സംസ്ഥാന സർക്കാരിൻ്റെ സ്വന്തം ബ്രാൻഡായ ജവാൻ മദ്യത്തിൻ്റെ ഉദ്പാദനം കൂട്ടണമെന്നും, പാലക്കാട് മലബാർ ഡിസ്റ്റിലറി തുറക്കണമെന്നുമാണ് പ്രധാന ആവശ്യം. ജവാൻ്റെ ഉൽപ്പാദനം പ്രതിദിനം 7000 കെയസിൽ നിന്നും 16,000 കെയസിലേക്ക് ഉയർത്തണമെന്നാണ് ശുപാർശ.
ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴി ഏറ്റവും കൂടുതൽ വിൽക്കുന്ന ബ്രാൻഡാണ് ജവാൻ റം. തിരുവല്ല ട്രാവൻകൂർ ഷുഗേസിലാണ് ഉൽപ്പാദനം. സർക്കാർ മദ്യത്തിന് ആവശ്യക്കാർ കൂടുതലാണെങ്കിലും ഉൽപ്പാദനം കുറവായതിനാൽ എല്ലാ ഔട്ട് ലെറ്റുകളും ബ്രാൻഡ് എത്തുന്നില്ല. ജവാൻ്റെ ഉൽപ്പാദനം കൂട്ടിയാൽ സ്വകാര്യ കമ്പനികള്‍ കൊണ്ടുപോകുന്ന ലാഭം സർക്കാരിലേക്കെത്തുമെന്നാണ് ബെവ്ക്കോ എംഡിയുടെ ശുപാർശ.
63,000 ലിറ്റർ ജവാനാണ് നിലവിൽ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നത്. ഇത് 1,44,000 ലക്ഷമായി ഉയർത്താനാണ് ലക്ഷ്യം. ഇപ്പോള്‍ നാല് ബോട്ടിലിംഗ് ലൈനുകളാണുള്ളത്. ആറു ലൈനുകള്‍ കൂട്ടി പത്ത് ബോട്ടിംലിഗ് ലൈനുകള്‍ ഒരേ സമയം പ്രവർത്തിപ്പിക്കണമെന്നാണ് എംഡി ശ്യാം സുന്ദറിൻെറ റിപ്പോർട്ട്. ഉൽപ്പാദനം വർദ്ധിപ്പിക്കാൻ 15 കോടി രൂപ ചെലവഴിക്കേണ്ടിവരും.
പുതിയ യന്ത്രസാമഗ്രികള്‍, തൊഴിലാളികള്‍, സ്പിരിറ്റ്, കെട്ടിടം എന്നിവ വേണ്ടിവരും. 77.84 കോടിയുടെ ജവാനാണ് കഴിഞ്ഞ വർഷം വിറ്റത്. അതേസമയം, വർഷങ്ങളായി പൂട്ടികിടക്കുന്ന പാലക്കാടുള്ള മലബാർ ഡിസ്ലറി തുറന്നു പ്രവർത്തിക്കണമെന്നും ശുപാർശ ചെയ്യുന്നു. ഇവിടെ സർക്കാർ ഉടമസ്ഥയിൽ ബ്രാൻഡി ഉൽപ്പാദിക്കണമെന്നാണ് ബെവ്ക്കോയുടെ ആവശ്യം.