മലപ്പുറം: ജല വകുപ്പ് ഓഫിസിൽനിന്ന് ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ഓഫിസ് വളപ്പിൽ കൂട്ടിയിട്ട പൈപ്പിനുള്ളിലായിരുന്നു പാമ്പുകൾ സുഖവാസം നടത്തിയിരുന്നത്. ജോലി ആവശ്യത്തിനായി പൈപ്പ് എടുക്കാൻ ചെന്ന ജീവനക്കാരാണ് പാമ്പിൻ കൂട്ടത്തെ കണ്ടെത്തിയത്.
വിവരമറിയിച്ചതനുസരിച്ച് പരിശീലനം നേടിയ വളന്റിയർമാരായ ഷിജു, സവാദ് എന്നിവരാണ് പാമ്പിനെ പിടികൂടിയത്. ഇവർ നടത്തിയ തെരച്ചിലിലാണ് മറ്റ് ആറ് പാമ്പുകളെ കൂടി കണ്ടെത്തിയത്. ആർആർടി വാളണ്ടിയർമാർ ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കി.
കാടുമൂടി കിടക്കുന്ന കോമ്പൗണ്ടിൽ ഉപയോഗിക്കാനുള്ളതും ഉപയോഗ ശൂന്യമായതുമായ നൂറുകണക്കിന് പൈപ്പുകളാണ് കെട്ടിക്കിടക്കുന്നത്. പ്രദേശത്ത് ഇനിയും പാമ്പുകളുണ്ടാവുമെന്നും ശക്തമായ തിരച്ചിൽ വേണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. കോംപൗണ്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറി.