പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. നിറഞ്ഞ കയ്യടികളോടെയാണ് സിനിമ മുന്നേറുന്നത്. 21 നാണ് ചിത്രം റിലീസ് ചെയ്തത്. വിനീതിൻ്റെ സംവിധാനത്തെയും പ്രണവിൻ്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ‘ഹൃദയം’ കണ്ട ഒരു പ്രേക്ഷകൻ്റെ പ്രതികരണവും അതിന് വിനീത് നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്.
“ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യൻ്റെ പൈസ കളയാൻ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ…ഹൃദയം”, എന്നായിരുന്നു ആരാധകൻ്റെ കമന്റ്. ടിക്കറ്റ് ബുക്ക് ചെയ്തതിൻ്റെ സ്ക്രീൻ ഷോട്ടിനൊപ്പമാണ് കമന്റിട്ടിരിക്കുന്നത്. തുടർന്ന് മറുപടിയുമായി വിനീതും എത്തി. സ്മൈലികളാണ് മറുപടിയായി താരം പങ്കുവച്ചത്.
പ്രണവ് അഭിനയിച്ച അരുൺ എന്ന കഥാപാത്രത്തിൻ്റെ കോളജ് ജീവിതവും പ്രണയവുമെല്ലാം നിറഞ്ഞു നിൽക്കുന്നതാണ് ചിത്രം. അതിനാൽ നിരവധി പേരാണ് സ്വന്തം അനുഭവങ്ങളുമായി ചേർത്തുവച്ച് ചിത്രത്തെക്കുറിച്ചുള്ള കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഓസ്ട്രേലിയയില്‍ 34 സ്ക്രീനുകളിലും ന്യൂസിലന്‍ഡില്‍ 21 സ്ക്രീനുകളിലും ഹൃദയം പ്രദര്‍ശനമാരംഭിച്ചിരിക്കുകയാണ്. മികച്ച കളക്ഷനാണ് ഇവിടങ്ങളിൽ ചിത്രത്തിന് ലഭിക്കുന്നത്.
വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’.