ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. മാത്തൻ, ജെയിംസ് പോൽ എന്നിവരുടെ വരികൾക്ക് മാത്തൻ സംഗീതം പകർന്ന് രമേശ് പിഷാരടി ആലപിച്ച ‘മനസുനോ….’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറക്കിയത്. രമേഷ് പിഷാരടി ആദ്യമായി പിന്നണി ഗായകനാകുന്ന പാട്ട് കൂടിയാണിത്.
പിഷാരടിക്കൊപ്പം പാട്ടിന് താളമിടുന്ന ഐശ്വര്യ ലക്ഷ്മിയെയും വീഡിയോയിൽ കാണാം. സൈന മ്യൂസിക്കിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. നവാഗതനായ അഖിൽ അനിൽ കുമാറാണ് ചിത്രത്തിൻ്റെ സംവിധാനം നിര്വഹിച്ചിരിക്കുന്നത്. ദേവിക, പ്ലസ് ടു ബയോളജി, അവിട്ടം, തുടങ്ങി അഞ്ചിലേറെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത സംവിധായകനാണ് അഖിൽ അനിൽകുമാർ.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിൻ്റെ ബാനറിൽ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ഛായാഗ്രഹണം ജോയല്‍ ജോജിയാണ്. ഫെബ്രുവരി ആദ്യം ഐക്കോൺ സിനിമ റിലീസ് അർച്ചന 31 നോട്ടൗട്ട് പ്രദർശനത്തിനെത്തിക്കും.