കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ കണ്ടെത്തി. ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു ഇയാൾ. വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് വൈകുന്നേരം പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്.
ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പമാണ് ഇവർ നേരത്തെ പിടിയിലായത്. ഫെബിൻ റാഫിയുടെയും കൊല്ലം സ്വദേശി ടോം തോമസിൻ്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പോലീസ് പറയുന്നു.
സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് നഗരം കേന്ദ്രീകരിച്ച് പോലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് എടുത്തിരിക്കുന്നത്. ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.
യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മടിവാള പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാക്കള്‍ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടികള്‍ എങ്ങനെ ബംഗളൂരുവില്‍ എത്തിയെന്നും, ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരൻ്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തു.
ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്‌സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിൻ്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.
ബംഗളൂരുവില്‍ എത്തിയശേഷം പെണ്‍കുട്ടികള്‍ മുറിയെടുത്തു നല്‍കാനായി സഹായം തേടിയ യുവാക്കളാണ് പോലീസിൻ്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനും മുതിര്‍ന്നുവെന്നും മൊഴി നല്‍കി.
ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളാനാണ് പോലീസിൻ്റെ തീരുമാനം.