തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജില്ലാപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന് വേണ്ടിയുള്ള പദ്ധതികള്‍ ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്‌തെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സമയബന്ധിതമായി പദ്ധതി സമര്‍പ്പിക്കാനായത് കൃത്യമായ മേല്‍നോട്ടങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും ഭാഗമായാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറ് ശതമാനം സിഎഫ്‌സി ഗ്രാന്റ് ആക്ഷന്‍ പ്ലാന്‍ അപ്ലോഡ് ചെയ്ത സംസ്ഥാനം കേരളം മാത്രമാണെന്നത് നമ്മളെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതില്‍ വളരെ ക്രിയാത്മകമായ ഇടപെടലാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായി ഗ്രാമസഭകള്‍ ചേരുകയും വികസന സെമിനാറുകള്‍ സംഘടിപ്പിക്കുകയും മറ്റെല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്താണ് കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പദ്ധതി സമര്‍പ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ സമയബന്ധിതമായി അപ്ലോഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തിയ ത്രിതല പഞ്ചായത്ത് ജീവനക്കാര്‍, ജനപ്രതിനിധികള്‍, പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്ത പഞ്ചായത്ത് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടറേറ്റിലെ പ്രത്യേക സെല്‍, ജോയിന്‍ ഡയറക്ടര്‍, പരിശീലനത്തിന് നേതൃത്വം നല്‍കിയ കില, സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ വികേന്ദ്രീകൃതാസൂത്രണ വിഭാഗം, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് തുടങ്ങി മുഴുവന്‍ ആളുകളേയും ഈ നേട്ടം കൈവരിച്ചതില്‍ അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.