തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ട്രൈബല്‍ പ്ലസ് പദ്ധതിയിലൂടെ പട്ടികവര്‍ഗ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്ക് അധികതൊഴില്‍ നല്‍കാനായെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തൊഴില്‍ദിനങ്ങള്‍ക്കു പുറമേ 15287 കുടുംബങ്ങള്‍ക്ക് 358000 തൊഴില്‍ദിനങ്ങള്‍ അധികമായി നല്‍കിയതായും ഈ വര്‍ഷം പരമാവധി കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ദിനങ്ങള്‍ വരെ നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 32-ാമത് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ കൂലിയില്‍ കുടിശ്ശിക വരുത്താതെ ട്രൈബല്‍ പ്ലസ് പദ്ധതി നടപ്പിലാക്കാന്‍ തൊഴിലുറപ്പ് മിഷനും പട്ടികവര്‍ഗ വകുപ്പും അതീവ ശ്രദ്ധ ചെലുത്തണം. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ട്രൈബല്‍ പ്ലസ് പദ്ധതിയുടെ ഒന്നാം ഗഡുവായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന് നല്‍കിയിട്ടുള്ളതായും അടുത്ത ഗഡുവായി 9.97 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട്, ഇടുക്കി, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് അവബോധമുണ്ടാക്കി കൂടുതല്‍ പേര്‍ക്ക് തൊഴിലും കൂലിയും ലഭ്യമാക്കുവാന്‍ സാധിച്ച നടപടിക്ക് തുടര്‍ച്ചയുണ്ടാക്കും. കുടുംബശ്രീ സഹകരണത്തോടെ തൊഴിലുറപ്പ് മേറ്റ് തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലിനും വലിയ ആഘാതമുണ്ടാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ച 10 കോടി 23 ലക്ഷം തൊഴില്‍ദിനങ്ങളില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യത സംസ്ഥാനത്ത് നിലനില്‍ക്കുണ്ടെന്നും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 8 കോടി 36 ലക്ഷം തൊഴില്‍ ദിനങ്ങളുടെ 95% വും സംസ്ഥാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഉടന്‍തന്നെ പുതുക്കിയ ലേബര്‍ ബഡ്ജറ്റ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.