മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മീര ജാസ്മിൻ വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ജയറാമാണ് ചിത്രത്തിലെ നായകൻ. ഇതിന് പിന്നാലെ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലും താരം സജീവമായിരിക്കുകയാണ്.
ഇപ്പോഴിതാ തൻ്റെ സിനിമാ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന സിനിമയുടെ സെറ്റിലെ ചിത്രം പങ്കുവച്ച് നടി മീര ജാസ്മിൻ എഴുതിയ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ ഷാഹിനയെ സ്നേഹപൂർവം ഓർക്കുന്നു. ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്.’–മീര കുറിച്ചു.
രണ്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രം ബാലതാരമായിരുന്ന കീര്‍ത്തന അനിലിനൊപ്പമുള്ളതായിരുന്നു. ചിത്രത്തിന് താഴെ കീര്‍ത്തന കമന്റും ചെയ്തിട്ടുണ്ട്. “ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഞാനാണ് നിങ്ങൾക്ക് ഒപ്പമുള്ളത്” എന്നാണ് കീർത്തന കമന്റ് ചെയ്തത്.
‘നിന്നിൽ നിന്ന് തന്നെ ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന്’ ഇതിന് മീരയും മറുപടിയും നൽകിയിട്ടുണ്ട്. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത് 2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് പാഠം ഒന്ന്: ഒരു വിലാപം. ചിത്രത്തിലെ പ്രകടനത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.