കോട്ടയം: പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാല ജീവനക്കാരി അറസ്റ്റിൽ. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സിയാണ് പിടിയിലായത്.
എം.ജി സര്‍വകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റാണ് എല്‍സി. പത്തനംതിട്ട സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനിയോട് എം.ബി.എ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഒന്നരലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഒന്നേകാല്‍ ലക്ഷം അക്കൗണ്ട് വഴി കൈമാറിയിട്ടും ബാക്കി 30000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥിനി വിജിലന്‍സിന് പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച 10000 രൂപ കൈമാറുന്നതിനിടയിലാണ് കോട്ടയത്ത് നിന്നുള്ള വിജിലന്‍സ് സംഘം എല്‍സിയെ പിടികൂടിയത്.