അമേരിക്ക : യുക്രെയിനെ റഷ്യ ഫെബ്രുവരിയിൽ ആക്രമിക്കാൻ സാധ്യത ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. വ്യാഴാഴ്ച യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ബൈഡൻ ഇത് മുമ്പും പറഞ്ഞിരുന്നെന്നും മാസങ്ങളായി ഇക്കാര്യം സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കുകയും ചെയ്തു.
റഷ്യ യുക്രെയിനെ ആക്രമിക്കാൻ മുതിർന്നാൽ യു.എസും യു.എസിന്റെ പങ്കാളികളും സഖ്യകക്ഷികളും നിർണായക പ്രതികരണം നടത്തുമെന്ന് സെലെൻസ്കിയുമായോട് ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.വിഷയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7 മണിയോടെ സംഭാഷണം നടത്തുമെന്ന് മാക്രോൺ അറിയിച്ചിരുന്നു.