കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് മരിച്ച 89കാരൻറെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനൽകി.പഠനത്തിനായി നൽകാമെന്ന് മരണത്തിന് മുമ്പ് സമ്മതപത്രം ഒപ്പിട്ടുനല്‍കിയിരുന്നു.കൊല്‍ക്കത്ത ന്യൂ ടൗണ്‍ പ്രദേശവാസിയായ നിര്‍മല്‍ ദാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാനത്ത് 34 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 20,515 ആയി ഉയര്‍ന്നു. 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയില്‍ ഒമ്ബതും കൊല്‍ക്കത്തയില്‍ എട്ടും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കൊല്‍ക്കത്തയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ -481. തൊട്ടുപിന്നാലെ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയില്‍ 438 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച 3805 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പശ്ചിമ ബംഗാളില്‍ രോഗബാധിതരുടെ എണ്ണം 19,86,667 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അര്‍ബുദ രോഗിയായ നിര്‍മല്‍ ദാസ് എന്നയാളാണ് തൻറെ മൃതദേഹം ഗവേഷണ പഠനങ്ങള്‍ക്കായി മെഡിക്കല്‍ കോളജിന് ദാനംചെയ്യാന്‍ അനുമതി നല്‍കിയത്. ഒരുപക്ഷേ, രാജ്യത്ത് ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു സംഭവമെന്ന് മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ പറഞ്ഞു.