അഗർത്തല:അമേരിക്കയിൽ നിന്നും ഏഴ് കടൽ താണ്ടി എത്തിയ അപൂർവ്വയിനം ദേശാടന പക്ഷികളെ ത്രിപുരയിൽ ദുരൂഹ സാഹചര്യത്തിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. ഇവിടുത്തെ ഉദയ്പൂരിലെ സുഖ് സാഗർ തടാക മേഖലയിൽ നിന്നാണ് ജഡം കണ്ടെത്തിയിരിക്കുന്നത്. നൂറ് കണക്കിന് ദേശാടന പക്ഷികളാണ് ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്. കായലിനോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ ഉപയോഗം കൊണ്ടാകാം ഇവ ചത്തതെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ആറ് വർഷമായി കാലിഫോർണിയയിൽ നിന്ന് ഈ പക്ഷികൾ ഉദയ്പൂരിൽ വരുന്നുണ്ട്. ചത്ത പക്ഷികളിൽ ചിലതിനെ നാട്ടുകാർ ഭക്ഷണ ആവശ്യങ്ങൾക്കായി കൊണ്ടുപോയി. ഇവിടെയെത്തുന്ന ദേശാടന പക്ഷികളെ പ്രദേശവാസികൾ വേട്ടയാടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.