ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും പൊതുനിരത്തില്‍ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ ഒമ്പതു സ്ത്രീകളടക്കം 11 പേർ അറസ്റ്റിൽ.വ്യക്തിവൈരാഗ്യമാണ് അതിക്രമത്തിനു പിന്നിലെന്നും കൂടുതല്‍പേരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.അക്രമത്തിനിരയായ യുവതിയുമായി പ്രണയത്തിലാണെന്നു പറയപ്പെട്ടിരുന്ന യുവാവ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജീവനൊടുക്കിയിരുന്നു.
മരണത്തിന് ഉത്തരവാദി യുവതിയാണെന്ന് ആരോപിച്ചായിരുന്നു അയല്‍വാസികളുടെ ക്രൂരത.ബുധനാഴ്ച ഡല്‍ഹി കസ്തൂര്‍ബ നഗറില്‍ മൂന്നുപേര്‍ ചേര്‍ന്നു യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം യുവതിയുടെ മുഖത്ത് കരിപൂശി, തലമുണ്ഡനംചെയ്ത്, ചെരുപ്പുമാല കഴുത്തിലിട്ട് റോഡിലൂടെ നടത്തി.
ഡല്‍ഹി വനിതാ കമ്മിഷന് നടപടി ആവശ്യപ്പെട്ടു പോലീസിനു കത്തയച്ചു. സംഭവം ലജ്ജാകരമെന്നു പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കര്‍ശന നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.