ഇരിങ്ങാലക്കുട: വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ രോഗങ്ങളെ സംബന്ധിച്ച് രജിസ്ട്രി തയാറാക്കുന്നു. സ്‌പൈനല്‍കോഡ് ഇന്‍ജ്വറി, പാര്‍കിന്‍സണ്‍ രോഗം, അക്വയേഡ് ബ്രെയ്ന്‍ ഇന്‍ജ്വറി (എബിഐ), സെറിബ്രല്‍ പാഴ്‌സി(സിപി) എന്നീ രോഗങ്ങളെ മാത്രം ആദ്യഘട്ടത്തില്‍ പരിഗണിച്ച് ഡിജിറ്റല്‍ രജിസ്ട്രി തയാറാക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) സംഘടിപ്പിച്ച വെബിനാറില്‍ വിദഗ്ദര്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
സ്‌പൈനല്‍കോഡ് ഇന്‍ജ്വറി , പാര്‍കിന്‍സണ്‍ രോഗം, അക്വയേഡ് ബ്രെയ്ന്‍ ഇന്‍ജ്വറി , സെറിബ്രല്‍ പാഴ്‌സി, മള്‍ട്ടിപ്പിള്‍ സക്ലീറോസിസ് തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ ശരിയായ ആസൂത്രണത്തിനും പരിപാലനത്തിനും രജിസ്ട്രിയില്ലാത്തത് തടസം സൃഷ്ടിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രജിസ്ട്രി തയാറാക്കാന്‍ തീരുമാനിച്ചത്. പൈലറ്റ് രജിസ്ട്രി തയാറാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി നിപ്മറിനെ ചുമതലപ്പെടുത്തി. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനാണ് രജിസ്ട്രി തയാറാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകള്‍ മറ്റ് ആരോഗ്യവിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ ഏകോപനത്തില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി വിദഗ്ധ സാങ്കേതിക സമിതിയുണ്ടാക്കിയാകും രജിസ്ട്രി പ്രധാനമായും തയാറാക്കുക.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ എന്‍ഐപിഎംആര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി ചന്ദ്രബാബു അധ്യക്ഷനായി. നിപ്മര്‍ ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാര്‍, ചര്‍ച്ചയ്ക്കുള്ള കരട് രേഖ അവതരിപ്പിച്ചു. ഡോ.വിനു വി ഗോപാല്‍, ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം, ഡോ. തോമസ് ഐപ്പ്, ന്യൂറോളജിസ്റ്റ്, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം, ഡോ. ജോര്‍ജ് സക്കറിയ, ഫിസിയാട്രിസ്റ്റ്, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം, ഡോ. മിനി ശ്രീധര്‍, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം, ഡോ. ജേക്കബ് ജോര്‍ജ്, ന്യൂറോളജിസ്റ്റ്, ഗവ. മെഡിക്കല്‍ കോളേജ് കോട്ടയം, ഡോ. നീന ടി വി, ഫിസിയാട്രിസ്റ്റ് എന്‍ഐപിഎംആര്‍ എന്നിവർ സംസാരിക്കുകയും ചെയ്തു.