കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്.ബാലചന്ദ്ര കുമാറിന്റെ കഥയ്ക്ക് കൂടുതല്‍ എരിവ് ചേര്‍ക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ കാവ്യ മാധവനേയും ചേര്‍ത്ത് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും രാഷ്ട്രീയ നേതാവിന് 50 ലക്ഷം കൊടുക്കുന്നത് ഇവര്‍ കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.ബാലചന്ദ്ര കുമാര്‍ വെറുതെ ഓരോന്ന് വിളിച്ചു പറയുകയാണെന്നാണ് രാഹുല്‍ ഈശ്വർ ഉന്നയിക്കുന്നത്.
അദ്ധേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ” ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണം എന്നുളള ദിലീപിന്റെ വാദമല്ല തനിക്കുളളത്. ബാലചന്ദ്ര കുമാര്‍ ആദ്യം ഇത്തരം കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഒരു ഉപകരണമുണ്ട്. അതില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്ക് വിവരങ്ങള്‍ മാറ്റുകയായിരുന്നു. ഇതില്‍ നിന്നുളള ഓഡിയോ ആണ് പോലീസിന് കൊടുത്തിരിക്കുന്നത് എന്ന് ബാലചന്ദ്ര കുമാര്‍ തന്നെ പറയുന്നു”.
‘ഒന്ന് നമുക്കെല്ലാം പ്രിയപ്പെട്ട നടിയാണ്. ദിലീപ് ഒരു സൂപ്പര്‍ സ്റ്റാറാണ്. അപ്പോള്‍ കോടതിക്കും തങ്ങളുടെ ഭാഗത്ത് നിന്നൊരു തെറ്റ് ഉണ്ടാകരുത് എന്നൊരു ജാഗ്രത വളരെ അധികം ഉണ്ടാകും. പോലീസിന്റെ തന്ത്രം ഏതെങ്കിലും രീതിയില്‍ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി, കൂടുതല്‍ അന്വേഷണം ഉണ്ടെന്ന് വരുത്തുക. എന്നിട്ട് വിചാരണ കോടതി ജഡ്ജ് മാറുന്നത് വരെ കേസ് തള്ളിക്കൊണ്ട് പോവുക. മറ്റൊരു ജഡ്ജിയെ ഏല്‍പ്പിക്കുക എന്ന ദുരുദ്ദേശപരമായ നീക്കമാണ് പോലീസിന്റേത്.
കഴിഞ്ഞ ദിവസം രാവിലെ 8 മണിക്ക് മുന്‍പ് വലിയതെന്തോ സംഭവിക്കും എന്നാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 50 ലക്ഷം രൂപ ഒരാള്‍ക്ക് കൊടുത്തു എന്നൊക്കെ ചുമ്മ് അങ്ങ് പറയുന്നു. ഇതുവരെ ദിലീപ് മാത്രമേ ഉണ്ടായിരുന്നുളളൂ. കൂടുതല്‍ എരിവ് ചേര്‍ക്കാനായി കാവ്യാ മാധവനെ കൂടി ചേര്‍ത്ത് പറയുന്നു. മാഡം എന്നൊരു പുതിയൊരാള്‍ ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. ചുമ്മാ കഥകള്‍ ഉണ്ടാക്കി വിടുകയാണ്.സിനിമാക്കഥ എഴുതുന്ന ബാലചന്ദ്ര കുമാര്‍ അത് പോലെ തിരക്കഥ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. 50 ലക്ഷം കൊടുക്കുന്നതിന്റെ ചിത്രങ്ങള്‍ വെളിയില്‍ വരുമെന്ന് പറയുന്നു. 50 ലക്ഷം രൂപ ചിത്രമെടുത്തിട്ടാണോ ആരെങ്കിലും കൊടുക്കുന്നത്. കേള്‍ക്കുന്ന ആളുകള്‍ക്ക് സാമാന്യ ബുദ്ധി ഇല്ലേ. കാവ്യയെ കൂടി ഇതിലേക്ക് കൊണ്ട് വരണം എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം.
ദിലീപും കാവ്യയും എത്രയോ പേരെ കാണാന്‍ പോവുകയും ഫോട്ടൊ എടുക്കുകയും ചെയ്യുന്നതാണ്. ഈ 50 ലക്ഷം രൂപ കൊടുക്കുന്നത് ഇവര്‍ കണ്ടതാണോ. ചുമ്മാ അങ്ങ് ഓരോന്ന് അടിച്ചിറക്കുകയാണ്. രണ്ട് സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ തനിക്ക് മെസ്സേജ് അയച്ചു എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. എത്ര തന്ത്രപരമായ കള്ളമാണത്. നമ്മളാരും മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വിളിച്ച് ചോദിക്കാന്‍ പോകുന്നില്ല. മോഹന്‍ലാല്‍ വിചാരിക്കും മമ്മൂട്ടി ആണെന്ന് മമ്മൂട്ടി വിചാരിക്കും മോഹന്‍ലാല്‍ ആണെന്ന്. ആളുകള്‍ക്ക് ആദ്യമൊക്കെ ദിലീപിനെ സംശയം തോന്നും, ദിലീപ് കുടുങ്ങണമെന്ന് തോന്നും. കുറേ കഴിയുമ്ബോള്‍ നമുക്ക് മനസ്സിലാകും ബാലചന്ദ്ര കുമാര്‍ തള്ളുകയാണെന്ന്. പോലീസിന്റെ കഥയാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്”.