പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ തുടക്കം മുതല്‍ സര്‍ക്കാറിന് വീഴ്ച.2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായെങ്കിലും കേസിന്റെ നിയമ നടപടികളില്‍ സര്‍ക്കാര്‍ കാര്യമായി ശ്രദ്ധിച്ചില്ല. മണ്ണാര്‍ക്കാട് പട്ടികജാതി/പട്ടികവര്‍ഗ കോടതിയിലാണ് കേസ് നടക്കുന്നത്. ഇവിടെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പോലും തുടക്കത്തില്‍ സര്‍ക്കാര്‍ തയാറായില്ല.
നൂറുകണക്കിന് കേസുകള്‍ വാദിക്കുന്ന മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടര്‍ തന്നെ മധുകേസും വാദിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഒന്നര വര്‍ഷത്തിനുശേഷം ഗോപിനാഥിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ അദ്ദേഹം ഒഴിവായി. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട്മാസം മുമ്പ് വി.ടി. രഘുനാഥ് കത്ത് നല്‍കിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ല.പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ ഇടപെടലിനെ തുടര്‍ന്നാണ് വി.ടി. രഘുനാഥിനെ 2019ല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇദ്ദേഹം രണ്ട് തവണയാണ് കോടതിയില്‍ ഹാജരായത്.
2021 നവംബര്‍ 24ന് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് രഘുനാഥ് ഡി.ജി.പിയെ അറിയിച്ചു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം കേസ് പരിഗണനക്ക് എടുത്തപ്പോള്‍, കോടതി പ്രോസിക്യൂട്ടര്‍ എവിടെയെന്ന് ചോദിക്കുകയും, ഇത് ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ കണ്ണുതുറന്നത്. പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കുമെന്ന് നിയമമന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ ആള്വരുമ്പോള് മൂവായിരത്തിലധികം പേജുള്ള കുറ്റപത്രം പഠിച്ച് കോടതിയില്‍ അവതരിപ്പിക്കാന്‍ ഇനിയും സമയം എടുക്കും. ഇത് കൂടാതെ പ്രതികള്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറാന്‍ പൊലീസ് വൈകുന്നത് കേസ് നീളുന്നതിന് കാരണമാകുന്നു. ഇതിനിടെയാണ് സാക്ഷികളായ ആദിവാസി യുവാക്കളെ പണംകൊടുത്ത് സ്വാധീനിക്കാന്‍ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായ ആരോപണം ഉയര്‍ന്നത്.