തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ സി.പി.എം-സി.പി.ഐ പോര് ശക്തമാകുന്നു. ഒപ്പം നിലപാട് കടുപ്പിച്ച് പ്രതിപക്ഷവും.നിയമസഭ ചേരാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് അടിയന്തര സാഹചര്യമെന്താണെന്നതിന് ആരും മറുപടി നല്‍കിയില്ലെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.മന്ത്രിസഭയോഗത്തില്‍ ഓര്‍ഡിനന്‍സിനെ അനുകൂലിച്ച സി.പി.ഐ മന്ത്രിമാരുടെ നടപടിയില്‍ അതൃപ്തി പരസ്യമാക്കിയ കാനം എതിര്ക്കാത്തതിനെക്കുറിച്ച് അവരോട് ചോദിക്കണമെന്നും പ്രതികരിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ മുന്‍ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.
സര്‍ക്കാര്‍ നീക്കം ന്യായീകരിച്ച് പാര്‍ട്ടി മുഖപത്രത്തിലൂടെ ലേഖനവുമായെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വീണ്ടും രംഗത്തെത്തി. കാനത്തെ പിന്തുണച്ച് സി.പി.ഐ അസി. സെക്രട്ടറി കെ. പ്രകാശ്ബാബുവും എത്തിയതോടെ വിഷയം എല്‍.ഡി.എഫിലും ചൂടുപിടിക്കുകയാണ്.കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനോ ഗവര്‍ണര്‍ വഴി ഇടപെടാനോ ചതിക്കുഴി നിലവിലെ നിയമത്തിലുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാദത്തെ അദ്ദേഹം തള്ളി.
സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടണമെന്നും അതിന് നിയമം മാറ്റുകയല്ല വേണ്ടതെന്നും കാനം പറഞ്ഞു. ഗവര്‍ണറെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്തുന്ന ധാരാളം സംഭവമുണ്ട്. കേരളത്തിലും ചിലപ്പോൾ സംഭവിച്ചേക്കാം. ഓര്‍ഡിനന്‍സ് ഇറക്കാന്‍ അവകാശമില്ല എന്ന് ആരും പറഞ്ഞിട്ടില്ല. ഓര്‍ഡിനന്‍സിന് അനിവാര്യത വ്യക്തമാക്കണമെന്നും കാനം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയുന്നതിനാണ് ഓര്‍ഡിനന്‍സ് എന്നാണ് ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി വിശദീകരിച്ചത്. ഈ വാദമാണ് കാനം തള്ളുന്നത്. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്ന സി.പി.ഐ മന്ത്രി കെ. രാജന്റെ വാദവും തള്ളുന്ന നിലക്കാണ് കാനത്തിന്റെ പ്രസ്താവന. സി.പി.ഐക്കുള്ളിലും ഈ വിഷയത്തില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണിത്. സി.പി.ഐ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന് നായരാണ് 1999ല്‍ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
ഇപ്പോള്‍ കൊണ്ടുവരുന്ന ഭേദഗതിയുടെ വ്യവസ്ഥ അന്ന് ബില്ലില്‍ ഉണ്ടായിരുന്നെങ്കിലും നിയമസഭയില്‍ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. വിവാദത്തില്‍ പ്രതിപക്ഷവും നിലപാട് കടുപ്പിക്കുകയാണ്. കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സര്‍ക്കാര്‍ നീക്കത്തെ വെള്ളിയാഴ്ചയും വിമര്‍ശിച്ചത്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങിയെത്തുന്നതോടെ വിഷയം കൂടുതല്‍ ചൂടുപിടിക്കും