തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാകുന്നതിൻ്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിന് കീഴില്‍ പബ്ലിക് ഹെല്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റ് വിംഗ് രൂപീകരിച്ചുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ആരോഗ്യ, ശുചിത്വ വിഭാഗത്തിലുള്ള എല്ലാ ജീവനക്കാരും ഈ വിംഗില്‍ ഉള്‍ചേര്‍ന്നാണ് പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
വകുപ്പ് ഏകീകരണത്തിൻ്റെ ഭാഗമായി സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തോളമായി നടന്നുവന്ന അതിസങ്കീര്‍ണമായ പ്രക്രിയയുടെ ഒടുവിലാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു. സ്റ്റേറ്റ്, സബോര്‍ഡിനേറ്റ് വിശേഷാല്‍ ചട്ടങ്ങള്‍ മൂര്‍ത്തമാക്കി. അഞ്ച് വകുപ്പുകളിലുള്ള മുപ്പത്തിരണ്ടായിരത്തോളം വരുന്ന ജീവനക്കാരെ ഏകീകരി്ച്ചാണ് ഏകീകൃത വകുപ്പ് നിലവില്‍ വരുന്നത്
പ്രാദേശിക വികസന കാര്യങ്ങളിലും ആസൂത്രണത്തിലും ദുന്തനിവാരണം മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലും യോജിച്ച് പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവില്‍ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെയാണ് ഇരിക്കുന്നത്. വകുപ്പ് ഏകീകരണത്തോടെ ഈ ദുസ്ഥിതിക്ക് വിരാമമാവുമെന്ന് മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ പൊതുസര്‍വ്വീസിന്റെ ഭാഗമാകുന്നതോടെ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഇടയില്‍ ഉണ്ടാവേണ്ട സഹകരണം സ്വാഭാവികമായും യാഥാര്‍ത്ഥ്യമാകും. കാലോചിതമായ മാറ്റത്തിലൂടെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവേഗവും വര്‍ധിക്കുമ്പോള്‍ ജനങ്ങൾക്ക് അത് ഏറെ ഉപകാരപ്രദമാവുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.