കൊച്ചി: മലയാളത്തിലിതാ മറ്റൊരു പ്രണയവസന്തമായി ‘റൂട്ട്മാപ്പി’ലെ പ്രണയഗാനമെത്തി. നവാഗത സംവിധായകന്‍ സൂരജ് സുകുമാർ നായര്‍ ഒരുക്കിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി. മലയാളികളുടെ പ്രിയതാരങ്ങള്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഏറെ പ്രണയാതുരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരായ നിഖില്‍ മാത്യുവും നയന നായരുമാണ്. ശരത്ത് രമേഷിന്‍റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘റൂട്ട് മാപ്പ്’. താമസിയാതെ ചിത്രം പ്രേക്ഷകരിലെത്തും. പത്മശ്രീ മീഡിയയുടെ ബാനറില്‍ ശബരീനാഥ് ജി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകനായ സൂരജ് സുകുമാർ നായരാണ്. ലോക്ഡൗണ്‍ സമയത്ത് പൂര്‍ണ്ണമായും പൊളിഞ്ഞ് കിടന്ന ഗോഡൗണില്‍ കലാസംവിധായകന്‍ മനോജ് ഗ്രീന്‍വുഡ്സിന്‍റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഗംഭീരസെറ്റാണ് ഗാനത്തിന്‍റെ വലിയ ഹൈലൈറ്റ്.
സംഗീതാസ്വാദകരുടെ മനം കവര്‍ന്ന പ്രിയഗായകര്‍ നിഖില്‍ മാത്യുവും ബാഹുബലി ഗായിക നയന നായരും ചേര്‍ന്ന് ആലപിച്ച ഈ പ്രണയാതുരഗാനത്തിന് അനീഷ് റഹ്മാനാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ കാലം മലയാളികള്‍ക്ക് എത്രയെത്ര അനുഭവങ്ങളാണ് നല്‍കിയത്. മധുരവും കയ്പും നിറഞ്ഞ ഒത്തിരിയൊത്തിരി ഓര്‍മ്മകളുടെ കാലം കൂടിയാണ് ലോക്ഡൗണ്‍. മലയാളികള്‍ക്ക് മായാത്ത ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ടാണ് കൊറോണ കാലത്തെ ലോക്ഡൗണ്‍ അനുഭവങ്ങള്‍.
ലോക്ഡൗണ്‍ കാലത്തെ വളരെ വ്യത്യസ്തമായ ഒരു അനുഭവത്തെ പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘റൂട്ട് മാപ്പ്’. ഏറെ കൗതുകരമായ സംഭവത്തെ സസ്പെന്‍സും കോമഡിയും ചേര്‍ത്ത് അവതരിപ്പിക്കുകയാണ്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.
കോവിഡ് പശ്ചാത്തലത്തില്‍ സൂരജ് സുകുമാരന്‍ നായരും, അരുണ്‍ കായംകുളവും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ആഷിക് ബാബു, അരുണ്‍ ടി ശശി, എന്നിവരാണ് ‘റൂട്ട്മാപ്പിന്’ക്യാമറ ചലിപ്പിച്ചത്. മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മന്മഥന്‍, ഗോപു കിരണ്‍, ദീപക് ദിലീപ്, സിന്‍സീര്‍, പൂജിത, എയ്ഞ്ചല്‍, ശ്രുതി, രാജേശ്വരി, ഡിജോ ജോസ് ആന്‍റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.