മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ലോക്ഡൗണ്‍ സാധ്യത മുന്നില്‍ക്കണ്ട് ആന്ധ്രയില്‍നിന്ന് ആംബുലന്‍സില്‍ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അമ്പതു കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഏജന്റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പോലീസ് പരിശോധന.
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന് തിരൂരങ്ങാടി, പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ, മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി എന്നിവരാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് – എക്സൈസ് അധികൃതരുടെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് കഞ്ചാവ് കടത്തിന് ആംബുലന്‍സ് ഉപയോഗിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ വന്‍ സാമ്പത്തിക ലാഭം ലക്ഷ്യംവെച്ചാണ് കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്നും പ്രതികള്‍ പറഞ്ഞു.