ബംഗലൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ചെറുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുമകൾ സൗന്ദര്യയെയാണ് ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യെദിയൂരപ്പയുടെ മകൾ പത്മാവതിയുടെ മകളാണ് സൗന്ദര്യ. ഇന്ന് രാവിലെയാണ് സൗന്ദര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർ ആയ സൗന്ദര്യ എം എസ് രാമയ്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഡോ. നീരജ് ആണ് ഭർത്താവ്. രാവിലെ വീട്ടുജോലിക്കെത്തിയവർ അകത്ത് നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് സാന്ദര്യയുടെ ഭർത്താവിനെ വിവരമറിയിച്ചു.
ഭർത്താവ് വീട്ടിലെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് സൗന്ദര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2018ലാണ് സൗന്ദര്യയും നീരജും തമ്മിലുള്ള വിവാഹം. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
പ്രസവത്തിന് ശേഷം സൗന്ദര്യയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ വിശദമായ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.