ബത്തേരി : രേഖകളില്ലാതെ മുത്തങ്ങ ചെക്‌പോസ്റ്റുവഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1.73 കോടി രൂപ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ കിടേക്കുന്നുമ്മൽ കെ.കെ. ആറ്റക്കോയ (24), മൂടൽബസാൽ കരിമ്പനക്കൽ മുസ്തഫ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡ്രൈവറുടെ കാബിനിലെ ഡാഷ്ബോർഡിനോട് ചേർന്നുള്ള രഹസ്യ അറയിൽനിന്നാണ് പണം പിടികൂടിയത്. കേരള-കർണാടക അതിർത്തിയായ പൊൻകുഴിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധസേനയും ജില്ലാ ഡോഗ് സ്‌ക്വാഡും ബത്തേരി എസ്.ഐ. ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നുനടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്.