പാലക്കാട്: പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സംഘവും ചേർന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു . സംഭവത്തിൽ തൃശൂർ ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാനെ (42) അറസ്റ്റു ചെയ്തു. വിശാഖപട്ടണത്തിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് തൃശൂർ, ചാവക്കാട് പരിസരപ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണെന്ന് പ്രതി വ്യക്തമാക്കി.
പ്രതി ഇതിനു മുമ്പും പലവട്ടം ട്രെയിനിൽ കഞ്ചാവ് കടത്തിയിട്ടുണ്ട്. സ്റ്റേഷനിലെ പരിശോധന കണ്ട് ഭയന്ന് പ്ലാറ്റ്ഫോമിൽ ഇറങ്ങി പുറത്തേക്ക് നടക്കുന്ന സമയത്താണ് പ്രതിയെ പിടികൂടിയത്. ആന്ധ്രപ്രദേശ്, ഒറീസ സംസ്ഥാനങ്ങളിൽ കഞ്ചാവ് വിളവെടുക്കുന്ന സമയമായതിനാൽ ട്രെയിൻ മാർഗ്ഗം കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് വളരെയധികം കൂടിയിട്ടുണ്ട്.
















