കോട്ടയം : കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ ജില്ലയെ “സി’ കാറ്റഗറിയിൽ ഉൾപ്പെടുത്തി കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് പേരിൽ ഒരാൾക്ക് വീതം കൊവിഡെന്ന ഗുരുതരസ്ഥിതിയിലൂടെയാണ് ജില്ല കടന്നു പോകുന്നത്. ഇന്നലെ ലഭിച്ച 7556 പരിശോധനാഫലങ്ങളിൽ 3834 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആർ 50 ശതമാനം കടന്നു. 3834 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 88 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3275 പേർ രോഗമുക്തരായി.
രോഗം ബാധിച്ചവരിൽ 1718 പുരുഷൻമാരും 1649 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും 466 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 576പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 21808 പേരാണ് ചികിത്സയിലുള്ളത്. 33277 ക്വാറന്റൈനിൽ കഴിയുന്നുണ്ട്.