ഒടിടി റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ വന്ന ‘ബ്രോ ഡാഡി’. രസകരമായ ഒരു കഥ മികച്ച രീതിയിൽ കുടുംബ പ്രേക്ഷകർക്കായി അവതരിപ്പിക്കുകയാണ് പൃഥ്വി. വലിയ പുതുമകൾ ഒന്നുമില്ലെങ്കിലും മോഹൻലാൽ–പൃഥ്വി അച്ഛൻ മകൻ സീനുകൾ കയ്യടി നേടുകയാണ്. ഇരുവരുടേയും ബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം.
ചിത്രം റിലീസായതിനു പിന്നാലെ ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി സാദൃശ്യമുണ്ടെന്ന തരത്തിൽ പ്രചരണമുണ്ടായി. ഇപ്പോൾ വൈറലാവുന്നത് ഒമർ ലുലുവിൻ്റെ പോസ്റ്റാണ്. ‘‘ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരൻ, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ..’ എന്നാണ് സംവിധായകൻ കുറിച്ചത്. നാടോടിക്കാറ്റിലെ ദാസന്റേയും വിജയന്റേയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
‘രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എൻ്റെ പങ്കാളിയാണ് രാജുവേട്ടൻ.. രാജുവേട്ടൻ ഉയിർ.’ കമന്റ് ബോക്സിലും ഒമർ കുറിച്ചു. എന്നാൽ അതിനു പിന്നാലെ ഒമർ ലുലുവിന് നേര രൂക്ഷ വിമർശനം ഉയർന്നു. ഇതോടെ പോസ്റ്റ് മുക്കിയിരിക്കുകയാണ് ഒമർലുലു.
ഇതു കൂടാതെ ബ്രോ ഡാഡിയേയും ധമാക്കയേയും ബന്ധിപ്പിക്കുന്ന ട്രോളുകളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൂസിഫറിന് ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്രോ ഡാഡി’. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്.