പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മികച്ചതാക്കുന്നതിൻറെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻറെ പുതിയ പദ്ധതി ‘നമ്മളെത്തും മുന്നിലെത്തും’ ഈ വര്‍ഷം തന്നെ നടപ്പാക്കും.പദ്ധതിയുടെ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.അച്ചടിക്കുന്ന പഠനസാമഗ്രികള്‍ ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആവശ്യക്കാരായ കുട്ടികളില്‍ എത്തിക്കും. ഇതിനായി പദ്ധതി അംഗീകരിച്ചു. മുമ്പ് തയാറാക്കിയ പന്ത്രണ്ടാം ക്ലാസുകാര്‍ക്കായുള്ള പഠനസാമഗ്രികള്‍ ഈ വര്‍ഷം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യും.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ പതിനാലാം സ്ഥാനത്തു നില്‍ക്കുന്ന പത്തനംതിട്ട ജില്ലയെ മുന്നിലെത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷം മുമ്പ് പ്ലസ് ടു ക്ലാസുകാര്‍ക്ക് 15 വിഷയങ്ങളില്‍ ലളിതമായ പഠന സാമഗ്രികള്‍ തയാറാക്കി വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ പതിനൊന്നാം ക്ലാസുകാര്‍ക്ക് പഠനസാമഗ്രികള്‍ തയാറാക്കി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഫിസിക്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, സുവോളജി, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ബോട്ടണി, ഹിസ്റ്ററി, ജോഗ്രഫി, കമ്ബ്യൂട്ടര്‍ സയന്‍സ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങള്‍ക്കാണ് ജില്ലയിലെ വിദഗ്ധരായ അധ്യാപകര്‍ ലളിതമായ പഠനസാമഗ്രികള്‍ തയാറാക്കുന്നത്. കൂടുതല്‍ വിഷയങ്ങള്‍ക്കും മലയാളത്തില്‍ ആയിരിക്കും പഠന സാമഗ്രികള്‍ തയാറാക്കുക.
ജില്ലാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. സുധ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, നിര്‍വഹണ ഓഫീസര്‍ സജി വറുഗീസ്, അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ പി .ആര്‍. ഗിരീഷ്, പി.കെ. അജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ശില്‍പശാല വെള്ളിയാഴ്ച അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.