സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്കിന്റെ നേതൃത്വത്തില്‍ വിക്ഷേപിച്ച റോക്കറ്റുകളിലൊന്ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വീണ്ടും ഭ്രമണപഥത്തിലുണ്ടായ മാറ്റമാണ് കൂട്ടിയിടിക്ക് കാരണമായി വിലയിരുത്തുന്നത്.ഏഴ് വര്‍ഷം മുമ്പ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് നിയന്ത്രണം വിട്ട് ചന്ദ്രോപരിതലത്തില്‍ കൂട്ടിയിടിക്കുക. മാര്‍ച്ച് നാലിന് കൂട്ടിയിടി സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാനായാണ് 2015ല്‍ ഫ്ലോറിഡയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ഉപഗ്രഹത്തെ 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ വിജയകരമായി എത്തിക്കുകയും ചെയ്തു. ഇതിന് ശേഷം ഇന്ധനം തീര്‍ന്ന റോക്കറ്റ് ചന്ദ്രനും ഭൂമിക്കുമിടയിലായി ഏഴ് വര്‍ഷമായി ഭ്രമണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജനുവരി അഞ്ചിന് ഫാല്‍ക്കണ്‍ റോക്കറ്റ് ചന്ദ്രന് വളരെയടുത്ത ഭ്രമണപഥത്തിലൂടെയാണ് കടന്നുപോയത്.നാല് ടണ്‍ ഭാരമുള്ളതാണ് ഫാല്‍ക്കണ്‍ റോക്കറ്റ്. ചന്ദ്രനിലേക്കുള്ള പതനം അപകടകരമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. എന്നാല്‍, ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാനും നാസയുടെ ലൂണാര്‍ റെക്കണൈസെന്സിനും ഫാല്‍ക്കണ്‍ ഭീഷണിയാകുമെന്ന വിലയിരുത്തലുമുണ്ട്.സെക്കന്‍ഡില്‍ 2.5 കിലോമീറ്റര്‍ വേഗത്തിലാണ് റോക്കറ്റ് ചന്ദ്രനില്‍ പതിക്കുക.
ഇത് ചന്ദ്രനില്‍ ചെറിയ ഒരു ഗര്‍ത്തം രൂപപ്പെടുത്തും.ഇതാദ്യമായല്ല മനുഷ്യനിര്‍മിതമായ ബഹിരാകാശ വസ്തു ചന്ദ്രനില്‍ പതിക്കുന്നത്. 2009ല്‍ നാസയുടെ ലൂണാര്‍ ക്രേറ്റര്‍ ഒബ്സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റലൈറ്റ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പതിച്ചിരുന്നു.