സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടർക്കഥയാണ്. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പരീക്ഷ എഴുതാത്തവർ പോലും എ പ്ലസ് നേടി വിജയിച്ചു എന്നായിരുന്നു അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് ആക്ഷേപം. എന്നാൽ അത് കഴിഞ്ഞെത്തിയ ഒന്നാം പിണറായി സർക്കാരിലെ പ്രൊഫ. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തും സ്ഥിതി മാറിയില്ല. സ്‌കൂളിന്റെ അരികിലൂടെ പോയവരും പടിവാതിൽ കാണാത്തവരും എ പ്ലസ് നേടി എന്നായി വിമർശനം.
പത്താം തരം പരീക്ഷ എന്നത് പേടി സ്വപ്‌നമായിരുന്ന ഒരു കാലത്ത് നിന്ന് ഉദാരമായി മാർക്ക് നേടുന്ന സ്ഥിതിയിലേക്ക് മാറി. തോറ്റവരുടെ എണ്ണം കൂടുതൽ ഉള്ളവരുടെ കാലത്ത് നിന്നും വിജയിച്ചവരുടെ എണ്ണം കുത്തനെ കൂടുന്ന സ്ഥിതിയുണ്ടായി. എന്നാൽ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറഞ്ഞു എന്ന ആക്ഷേപം വളർന്നു. അത് അവിടെ നിക്കട്ടെ. വിജയ ശതമാനം ഓഹരി സൂചിക പോലെ ഓരോ വർഷവും കേറിക്കേറി വരുന്നത് ഒന്ന് തടയണം എന്നാണ് നിലവിലെ സർക്കാർ തീരുമാനം.
വിജയ ശതമാനം കുറക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ഇത്തവണ നടക്കുന്ന പത്താം തരം പരീക്ഷയിൽ ഫോക്കസ് ഏരിയയിൽ ചില അഴിച്ചുപണികൾ സർക്കാർ നടത്തിയിട്ടുണ്ട്. പഠിക്കാൻ പാഠഭാഗങ്ങൾ ഏറെയുണ്ടാകുമെങ്കിലും പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ഒരു ഏരിയയെ പ്രത്യേകമായി നിർദേശിക്കാറുണ്ട്. ഈ ഏരിയയാണ് ഫോക്കസ് ഏരിയ. വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പത്തിനും കൂടുതൽ തവണ വായിച്ച് മനസിലാക്കാനും നല്ല മാർക്ക് ലഭിക്കാനുമെല്ലാം ഇത്തരം ഏരിയ ഉപകാരപ്പെടാറുണ്ട്. ഈ ഏരിയ ശ്രദ്ധിച്ചാൽ തന്നെ നല്ല മാർക്ക് വാങ്ങിക്കാം. കോവിഡ് പ്രത്യേക സാഹചര്യത്തിൽ പ്രത്യേകമായി ഫോക്കസ് ഏരിയ പ്രഖ്യാപിച്ചിരുന്നു.
ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതിന്റെ അളവ് കുറവായിരിക്കും. ഈ കോവിഡ് കാലത്ത് നടന്ന പരീക്ഷയിൽ പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കി ഫോക്കസ് ഏരിയ നിശ്ചയിച്ച് ഇരട്ടി ചോദ്യങ്ങൾ നൽകിയാണ് 10, 11, 12 പരീക്ഷകൾ സംസ്ഥാനം നടത്തിയത്. ചുരുങ്ങിയ ഫോക്കസ് ഏരിയയും ഇരട്ടി ചോദ്യവും ശരിയായ തീരുമാനമല്ല എന്ന വിമർശനം ഉയർന്നെങ്കിലും കോവിഡ് അസാധാരണ സാഹചര്യമായതിനാൽ വിമർശനങ്ങൾ വിലപ്പോയില്ല.
നിലവിൽ കോവിഡ് സാഹചര്യങ്ങൾ എല്ലാം മാറിയിട്ടില്ല. പക്ഷെ സർക്കാർ വിദ്യാർത്ഥികളോട് വലിയൊരു ചതി ചെയ്തു. അത് ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ടാണ്. 60% ഫോക്കസ്സിൽ നിന്ന് 70% ചോദ്യങ്ങളാണ് ഇക്കുറി തയ്യാറാക്കിയിട്ടുള്ളത്. ബാക്കി 30% ചോദ്യങ്ങൾ ഫോക്കസിന് പുറത്തുള്ള 40 % പാഠഭാഗങ്ങളിൽ നിന്നാവും. ഇത് എ, ബി എന്നിങ്ങനെ പാർട്ടുകളായി തിരിച്ചതു കൊണ്ടായിരിക്കും ഉണ്ടാവുക. ചുരുക്കത്തിൽ, ഒരു വിദ്യാർത്ഥി സിലബസ്സ് മൊത്തം പഠിച്ചാൽ മാത്രമേ ബി പ്ലസിന് മുകളിൽ മാർക്കു നേടാൻ പറ്റൂ.
കോവിഡ് സാഹചര്യത്തിൽ, 60 ശതമാനം പാഠഭാഗങ്ങൾ ഫോക്കസ് ഏരിയ ആദ്യം വിദ്യാഭ്യസ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സമാധാനത്തിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം. ജൂണിൽ ഓൺലൈൻ വഴി ക്ലാസ്സുകൾ തുറന്നിരുന്നെങ്കിലും അത് അത്രത്തോളം പ്രായോഗികം ആയിരുന്നില്ല. പിന്നീട് നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നു. ബയോ ബബിൾ ആയാണ് പ്രവർത്തിക്കുന്നത്. ബ്ലൻഡഡ് ലേണിങ്ങ് ആണ് പ്രയോഗിക്കുന്നത്. ആഴ്ചയിൽ 3 ദിവസം. ഒരു ദിവസം 3 മണിക്കൂർ ആണ് ക്ലാസ്സ്. പകുതി കുട്ടികൾ സ്കൂളിൽ വരുമ്പോൾ പകുതി കുട്ടികൾ വീട്ടിൽ. അവർക്ക് ഓൺലൈനിൽ ക്ലാസ്സെടുക്കണം. ഓൺലൈൻ പഠനത്തിൽ നിന്ന് എന്നേ അകന്നുപോയ കുട്ടികൾ അതിൽ താത്പര്യം കാണിച്ചില്ല.
എന്നാൽ തന്നെയും ഫോക്കസ് ഏരിയ ഉള്ളത് കാരണം കുട്ടികൾക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനിടക്കാണ് പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ നിർദേശം വന്നത്. 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്. 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്ന്. 50 ശതമാനം ചോയ്സ് ആയി നൽകും. അതായത്, 80 മാർക്കിന്റെ ചോദ്യപ്പേപ്പറിൽ 70ശതമാനം അതായത് 56 മാർക്ക്. അതിന്റെ 50 ശതമാനം 28 മാർക്ക് ചോയ്സ്. അപ്പോൾ ഫോക്കസ് ഏരിയയിൽ നിന്ന് 84 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും. അപ്പോൾ ഫോക്കസ് ഏരിയ നന്നായി പഠിച്ച കുട്ടിക്ക് പരമാവധി മാർക്ക് ലഭിക്കാം. എല്ലാവരും അങ്ങനെ ആശ്വസിച്ചിരിക്കുമ്പോഴാണ് ചോദ്യ പാറ്റേൺ എത്തുന്നത്. വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ പാറ്റേൺ. ഒരു കാര്യം ഉറപ്പാക്കിയിട്ടുണ്ട്. ഫോക്കസ് ഏരിയ മാത്രം പഠിച്ച കുട്ടിക്ക് 70 ശതമാനം മാത്രമേ മാർക്ക് ലഭിക്കൂ. അതായത് 80 ൽ 56 മാർക്ക് മാത്രം. നേരത്തെ പറഞ്ഞത് പോലെ ബി പ്ലസിന് മുകളിൽ മാർക്ക് കിട്ടാൻ വിദ്യാർത്ഥികൾ നന്നായി വിയർക്കും.
ചോദ്യപ്പേപ്പറിൽ 15 ചോദ്യം രണ്ട് പാർട്ടായാണ് നൽകുക. എ പാർട്ടിൽ ഫോക്കസ് ഏരിയയിലെ 10 ചോദ്യം. അതിൽ 7 ചോദ്യത്തിന് ഉത്തരമെഴുതണം. ബി പാർട്ടിൽ നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 5 ചോദ്യം. അതിൽ 3 എണ്ണം എഴുതണം. അതായത് കുട്ടി എല്ലാം പഠിക്കണം. പിന്നെ എന്തിനായിരുന്നു വിദ്യാർത്ഥികളെ കബളിപ്പിക്കാൻ ഒരു ഫോക്സ് ഏരിയ?
സത്യത്തിൽ ബ്ലൻഡഡ് ലേർണിംഗ് എന്ന ആശയമൊക്കെ നല്ലതാണെങ്കിലും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ കാണാൻ കൂടി സർക്കാർ തയ്യാറാകണം. നവംബർ മുതൽ മാത്രം, അതും ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ലഭിക്കുന്ന ക്‌ളാസ് വഴി കുട്ടികൾ ഇക്കണ്ടതെല്ലാം പഠിക്കണമെന്ന് പറയുന്നത് ശരിയായ രീതിയായി വിലയിരുത്താനാവില്ല. കഴിഞ്ഞ വർഷത്തെ അവസ്ഥയിൽ നിന്ന് വല്ലാതെയൊന്നും മാറിയിട്ടില്ലാത്ത സാഹചര്യത്തിൽ, ഇപ്പോൾ നടത്തുന്നത് കുട്ടികളോടുള്ള ക്രൂരതയാണ്. പഠന നിലവാരം ഉയർത്താൻ വേണ്ടിയാണ് എന്ന ന്യായം പോലും ഇപ്പോൾ വിലപ്പോവില്ല. അധ്യയന വർഷത്തിന്റെ അവസാന നിമിഷം അല്ല ഇത്തരം ഒരു തീരുമാനം എടുക്കേണ്ടത് എന്നെങ്കിലും സർക്കാർ ഓർക്കണം.