ജിദ്ദ: പുണ്യനഗരമായ മദീനയില്‍ സിറ്റി ബസ്സ് പദ്ധതിക്കായുള്ള കരാര്‍ ഒപ്പിട്ടു. വികസന മേഖല അതോറിറ്റി സി.ഇ.ഒ എന്‍ജി. ഫഹദ് ബിന്‍ മുഹമ്മദ് അല്ബലീഹുഷ്, സാപ്റ്റ്കോ സി.ഇ.ഒ എന്‍ജി. ഖാലിദ് അല്‍ഹുഖൈല്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. 2030 ൻറെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി സേവനം വിപുലീകരിക്കുന്നതിനും ഗതാഗത പദ്ധതികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വാഹനപുകയുടെ ഫലമായുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിൻറെ തോത് കുറക്കുന്നതിനും പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മസ്ജിദുന്നബവിയുമായി ബന്ധിപ്പിച്ച് മദീനയുടെ മുഴുവന്‍ ഭാഗങ്ങളെയും ബസ് സര്‍വിസിലൂടെ ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളും സെല്‍ഫ് സെയില്‍ ഉപകരണങ്ങളുമുണ്ടാകും. ആകര്‍ഷകമായ നിരക്കിലാകും സിറ്റി ബസ് സര്‍വീസുകൾ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുന്നബവിയിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ 10 വര്‍ഷം മുമ്പ് ആരംഭിച്ച ഫ്രീക്വന്‍സി ഗതാഗത സേവന സംവിധാനത്തിൻറെ വിപുലീകരണമാണ് മദീന ബസ് പദ്ധതി.
മദീന ഗവര്‍ണറും പ്രവിശ്യ വികസന അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസിൻറെയും പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹിെന്റയും സാന്നിധ്യത്തിലാണ് സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്ബനിയുമായി (സാപ്റ്റ്കോ) മദീനയിലെ എല്ലാ സുപ്രധാന സ്ഥലങ്ങളും ഉള്‍ക്കൊള്ളുന്ന അഞ്ചു വര്‍ഷത്തേക്കുള്ള സിറ്റി ബസ് കരാര്‍ ഒപ്പിടല്‍ ചടങ്ങ് നടന്നത്.
മുന്‍ വര്‍ഷങ്ങളില്‍ മദീനയിലെ പൊതുഗതാഗത സേവന സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ പ്രവിശ്യാ വികസന അതോറിറ്റി കൈവരിച്ച തുടര്‍ച്ചയായ നേട്ടങ്ങളെ മദീന ഗവര്‍ണര്‍ ചടങ്ങില്‍ പ്രശംസിച്ചു. ഒട്ടുമിക്ക പ്രദേശങ്ങളും പ്രധാന റോഡുകളും ഉള്‍ക്കൊള്ളുന്ന ബസ് സര്‍വിസ് ഒരുക്കേണ്ടതിൻറെ പ്രാധാന്യം ഗവര്‍ണര്‍ എടുത്തുപറഞ്ഞു.പൊതുഗതാഗത സേവനങ്ങളുടെ ഗുണഭോക്താക്കളുടെ സര്‍ക്കിള്‍ വിപുലീകരിക്കും. പ്രധാന തെരുവുകളിലും സെന്‍ട്രല്‍ ഏരിയയിലും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
മദീനയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിന് ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷയും അനുസരിച്ച് സേവനം നല്‍കാനുള്ള സാപ്റ്റ്കോ സജ്ജമാണെന്ന് സി.ഇ.ഒ എന്‍ജി. ഖാലിദ് അല്‍ഹുഖൈല്‍ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ദേശീയ റോഡ് ഗതാഗത സംവിധാനമാണ് സാപ്റ്റ്കോ. 44 വര്‍ഷത്തിലേറെയുള്ള അനുഭവത്തെ അടിസ്ഥാനമാക്കി കമ്ബനിക്ക് കീഴിലെ ബസുകള്‍ സര്‍വിസ് നടത്തുമെന്നും സി.ഇ.ഒ പറഞ്ഞു.തീര്‍ഥാടകരുടെയും മദീനയിലെ ജനങ്ങളുടെയും സഞ്ചാരം സുഗമമാക്കുന്നതിന് പദ്ധതി ഫലപ്രദമായി സഹായിക്കുമെന്ന് തീര്‍ഥാടകര്‍ക്കായുള്ള ആതിഥേയ പ്രോഗ്രാം സി.ഇ.ഒ എന്‍ജി. അബ്ദുറഹ്മാന് ബിന്‍ ഫാറൂഖ് അദ്ദാസ് പറഞ്ഞു. മദീനയിലെ നാല് ദിക്കുകളെയും പ്രവാചക പള്ളിയിലൂടെ ബന്ധിപ്പിക്കുന്ന 106 പ്രധാന സ്റ്റോപ്പുകള്‍ ഉള്‍പ്പെടുന്ന, നാല് പ്രധാന ട്രാക്കുകളാണ് സിറ്റി ബസ് പദ്ധതിയിലുള്ളത്. മൊത്തം 27 ബസുകള്‍ സര്‍വിസ് നടത്തും. റമദാനില്‍ ബസുകളുടെ എണ്ണം 40 ആയി വര്‍ധിപ്പിക്കും.