തിരുവനന്തപുരം;സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് രോഗികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 94 ശതമാനവും ഒമിക്രോൺ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറു ശതമാനം ആളുകളിൽ ഡെൽറ്റ വകഭേദവും കണ്ടെത്തി. വിദേശത്തുനിന്നും മറ്റിടങ്ങളിൽനിന്നും കേരളത്തിലേക്ക് എത്തിയവരിൽ നടത്തിയ പരിശോധിയിൽ 80 ശതമാനം പേരിലും ഒമിക്രോണും 20 ശതമാനം പേരിൽ ഡെൽറ്റയുമാണു രോഗകാരണമായ വകഭേദമെന്നു കണ്ടെത്തി.
കോവിഡ് വ്യാപനം വർധിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണു കഴിയുന്നതെന്നു മന്ത്രി പറഞ്ഞു. ആകെ രോഗികളുടെ 3.6 ശതമാനം പേരെ മാത്രമേ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. ഗുരുതര ലക്ഷണങ്ങൾ കുറവായതിനാലാണിത്. ആശുപത്രി ചികിത്സയ്ക്കും തീവ്രപരിചരണത്തിനും നൽകുന്ന അതേ പ്രാധാന്യംതന്നെയാണു ഗൃഹപരിചരണത്തിനും സർക്കാർ നൽകുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാകണം.
രോഗ ലക്ഷണങ്ങളനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചാണു ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പോസിറ്റിവായവരും പ്രമേഹം, ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരും പ്രമേഹം, രക്താദിസമ്മർദം തുടങ്ങിയ രോഗങ്ങളില്ലാത്തവരും ഗൃഹപരിചരണത്തിൽ തുടരാവുന്നതാണ്. ഇവർ പ്രദേശത്തെ ആരോഗ്യ വിവരങ്ങൾ തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരെ കൃത്യമായി അറിയിച്ചിരിക്കണം.
ശക്തമായ പനി, തലവേദന, പേശീവേദന, അനുബന്ധ രോഗങ്ങളുള്ളവർ, ജീവിതശൈലീ രോഗങ്ങളുള്ളവർ തുടങ്ങിയവരെ ബി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ചു മാത്രമേ ഗൃഹപരിചരണത്തിൽ പോകാവൂ. ആശുപത്രികളിലെ കോവിഡ് ഒപി വഴിയോ ടെലിമെഡിസിൻ സംവിധാനമുപയോഗിച്ചോ ഡോക്ടറെ കാണണം. മൂന്നു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ശക്തമായ പനിയുണ്ടെങ്കിൽ ആശുപത്രികളിലേക്കു നിർബന്ധമായും പോകണം.
ഗുരുതര രോഗലക്ഷണങ്ങളുള്ളവർ, അവയവമാറ്റത്തിനു വിധേയരായവർ, എച്ച്.ഐ.വി. ബാധിതർ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ തുടങ്ങിയവർ സി വിഭാഗത്തിലാണ്. ഇവർ ഗൃഹപരിചരണത്തിൽ കഴിയരുത്. കോവിഡ് പോസിറ്റിവായാൽ ഉടൻ ഡോക്ടറെ കണ്ട് സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, കോവിഡ് ആശുപത്രികൾ തുടങ്ങിയയിടങ്ങളിൽ ചികിത്സ തേടണം. ഗൃഹപരിചരണത്തിൽ കഴിയുന്നവർ അസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിലോ കണ്ണിൽ ഇരുട്ടു കയറുക, അബോധാവസ്ഥയിലാകുക എന്നിവ അനുഭവപ്പെട്ടാലോ ഡോക്ടറെ കാണണം. പ്രായമായവരും അനുബന്ധരോഗങ്ങളുള്ളവരും കടുത്ത ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ അപായ സൂചനയായി കണക്കാക്കി ഡോക്ടറുടെ സേവനം തേടണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് .െഎസി.യു ഉപയോഗത്തിൽ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 40.5 ശതമാനമാണ് സർക്കാർ ആശുപത്രികളിലെ കോവിഡ്, നോൺ-കോവിഡ് രോഗികളുടെ ഐ.സി.യു. ഉപയോഗം. വെന്റിലേറ്ററിന്റെ ഉപയോഗത്തിലും കുറവുണ്ട്. 13.5 ശതമാനം വെന്റിലേറ്ററുകളിൽ മാത്രമേ രോഗികളെ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. സ്വകാര്യ ആശുപത്രികളിലെ ഐ.സി.യുകളിൽ കോവിഡ് രോഗികൾ 8.28 ശതമാനം മാത്രമാണ്. ഇവിടങ്ങളിലെ വെന്റിലേറ്റർ ഉപയോഗം 8.96 ശതമാനം മാത്രവുമാണ്.
കോവിഡുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും സംസ്ഥാനതല വാർ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ സംസ്ഥാനതലത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കുകയും മരുന്നുലഭ്യത, ആശുപത്രി കിടക്കകൾ, ഓക്സിജൻ ബെഡുകൾ, വെന്റിലേറ്ററുകൾ, ഐ.സി.യു ബെഡുകൾ, ഡാറ്റ ഷെയറിങ്, ഓക്സിജൻ ലഭ്യത തുടങ്ങിയവ ഉറപ്പാക്കാൻ 12 കമ്മിറ്റികളായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെൽ പ്രവർത്തനം തുടങ്ങി. 0471 2518584 ആണ് സെല്ലിലെ ഫോൺ നമ്പർ. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ സെൽ പ്രവർത്തിക്കും. ദിശയുടെ 25 മണിക്കൂർ കൺട്രോൾ റൂമിലും ജില്ലാ കൺട്രോൾ റൂമിലും ജനങ്ങൾക്ക് ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ റാങ്കിലുള്ള ഡോക്ടറായിരിക്കും ജില്ലകളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ നോഡൽ ഓഫിസർ. എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്കൊപ്പം നോൺ-കോവിഡ് ചികിത്സയും കൃത്യമായി നടക്കുന്നുണ്ട്. ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ ഏതെങ്കിലും ആശുപത്രിയിൽ രോഗികൾക്ക് ചികിത്സ നിഷേധിച്ചാൽ ഗൗരവമായി കണ്ട് നടപടിയെടുക്കും. സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡയാലിസിസ് രോഗികൾക്ക് കോവിഡ് പിടിപെട്ടാൽ അവർ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളിലെങ്കിലും ഡയാലിസിസ് സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.