മികച്ച അഭിനയത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന നടിയാണ് നിമിഷാ സജയൻ. അടുത്തിടെയാണ് താരത്തിന് ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. ഇപ്പോൾ ഇതാ തൻ്റെ പുതിയ മറാത്ത സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് താരം. ‘ഹവ്വാഹവ്വായ്’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിമിഷ സജയൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. സാരിയുടുത്ത് സ്കൂട്ടറിൽ പോകുന്ന നിമിഷയെയാണ് പോസ്റ്ററിൽ കാണുന്നത്. നവ്യാ നായർ, ഗീതു മോഹൻദാസ്, വിനയ് ഫോർട്ട് ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗതത്തെത്തിയിരിക്കുന്നത്.
മറാത്തി തര‍്‍ക് പ്രൊഡക്ഷൻസിൻ്റെയും 99 പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷ് തിലേകറാണ് ചിത്രത്തിൻ്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ‘ഹവ്വാഹവ്വായ്’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പങ്കജ് പദ്‍ഘാനാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. ആശാ ഭോസ്‍ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു.