കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാര്‍ഥിനിയെ പോലീസ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി വീട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് വിദ്യാര്‍ഥിനി വീടുവിട്ടത്. പെണ്‍കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ ഇല്ലാതെ വിദ്യാര്‍ഥിനി വീടുവിട്ടത്തോടെ അന്വേഷണത്തിനും പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ സുഹൃത്തിൻ്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരും കാട്ടാക്കടയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടാകട പോലീസില്‍ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിന്‍ രാവിലെ വിദ്യാര്‍ഥിനിയുമായി കെഎസ്ആര്‍ടിസി ബസ്സില്‍ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. ജെഫിൻ്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പിന്നിട് മറ്റൊരു സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പോലീസ് കണ്ടെത്തുകയുമായിരുന്നു.
കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ജെഫിൻ ജോയ് റിമാൻഡിലാണ്. പാലാ ഡി വൈ എസ് പി ഷാജു ജോസിൻ്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട എസ്ഐ തോമസ് സേവ്യര്‍, അനില്‍ കുമാര്‍, എലിയമ്മ ആന്റണി, നിത്യ മോഹന്‍, ശരത് കൃഷ്ണദേവ് എന്നിവരടങ്ങിയ സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.