കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചുപേർ പോലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഒരാളെ പോലീസില്‍ ഏല്‍പ്പിച്ചു.
ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. തൃശൂർ, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച വൈകിട്ടോടെയാണ് ചിൽഡ്രൻസ് ഹോമിൽനിന്ന് പെൺകുട്ടികളെ കാണാതായത്. പെൺകുട്ടികൾക്കായി മെഡിക്കൽ കോളജ് പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ പെൺകുട്ടികൾ നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ ബംഗളൂരുവിലേക്ക് കടന്നതായി സ്ഥിരീകരിച്ചു. ചേവായൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ആറു പെൺകുട്ടികളും കോഴിക്കോട് ജില്ലക്കാരാണ്. ഇതിൽ സഹോദരിമാരും ഉൾപ്പെടും. ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് ഏണി ഉപയോഗിച്ചാണ് പെൺകുട്ടികൾ പുറത്തുകടന്നത്.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ ജീവനക്കാര്‍ കുറവാണെന്നും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബബിത പറഞ്ഞു. പോലീസിൽ അറിയിക്കാൻ വൈകിയതിനെ കുറിച്ച് റിപ്പോർട്ട് തേടിയിതായും വാർഡന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.