തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം തീയതി തന്നെ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ ഉന്നത യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്സ് ചാനല്‍ വഴിയായിരിക്കും ക്ലാസ്. ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജര്‍ രേഖപ്പെടുത്തുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു എഴുത്ത് പരീക്ഷകള്‍ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും.
സംസ്ഥാനത്തെ രൂക്ഷ കോവിഡ് സാഹചര്യം പരിഗണിച്ചാണ് തീരുമാനം. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളില്‍ കോവിഡ് പോസിറ്റീവ് ആയവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ച് നല്‍കണം. അതിനായി ആരോഗ്യ വകുപ്പിൻ്റെ സഹകരണം തേടാം. അധ്യാപകര്‍ നിരന്തരമായി കുട്ടികളുമായി ആശയവിനിമയം നടത്തുകയും റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന്മാര്ക്ക് കൈമാറുകയും വേണം.
വാര്‍ഷിക പരീക്ഷയ്ക്കു മുമ്പായി മോഡല്‍ പരീക്ഷ നടത്തുന്നതില്‍ സാഹചര്യം അനുസരിച്ച് അതതു സ്കൂളുകള്‍ക്കു തീരുമാനമെടുക്കാം. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷക്ക് മുമ്പ് തീര്‍ക്കും. ഡിഇഒ, എഇഒ തലത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ് മിസ്ട്രസുമാര്‍, ഹെഡ് മാസ്റ്റര്‍ എന്നിവര്‍ ക്ലാസ് പിടിഎ യോഗം വിളിച്ചുചേര്‍ക്കണം. ഓണ്‍ലൈന്‍ ക്ലാസ്, കോവിഡ് എന്നിവയുടെ സ്കൂളുകളിലെ സാഹചര്യം യോഗം വിലയിരുത്തണം. വാക്സിനേഷന് റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടറെ നിരന്തരമായി അറിയിച്ചുകൊണ്ടിരിക്കണം. വാര്‍ഷിക പരീക്ഷ നടത്തിപ്പില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.