തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിൻ്റെയും രജനികാന്തിൻ്റെ മകളും സംവിധായികയുമായ ഐശ്വര്യയുടെയും വിവാഹ മോചന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. 18 വർഷങ്ങൾ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത് ആരാധകർക്കിടയിലും മറ്റും വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്.
സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇരുവരുടെയും തീരുമാനത്തിൽ രജനികാന്ത് അസംതൃപ്തനാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സംഭവത്തിൽ സൂപ്പർസ്റ്റാർ വലിയ വിഷമത്തിലാണെന്നും ഐശ്വര്യയെയും ധനുഷിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനികാന്ത് നടത്തുകയാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും.
‘മകളുടെ വിവാഹ മോചനം രജനി സാറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. വേർപിരിയൽ താൽക്കാലികമാണെന്നാണ് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിക്കാൻ അദ്ദേഹം മകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്’ – രജനികാന്തുമായി അടുത്ത വൃത്തങ്ങൾ വീയോൺ ന്യൂസിനോട് പറഞ്ഞു.
നേരത്തെ ധനുഷിൻ്റെ പിതാവും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നതിൽ വാസ്തവമില്ലെന്നാണ് കസ്തൂരി രാജ പറഞ്ഞത്. ‘ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്’ എന്നായിരുന്നു കസ്തൂരിരാജയുടെ പ്രതികരണം.
2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു.