ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വാണിജ്യാനുമതി നല്‍കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിൻ്റെ കോവാക്‌സിനുമാണ് ഉപാധികളോടെ ഡിസിജിഐ വാണിജ്യാനുമതി നല്‍കിയത്. എന്നാൽ കോവിഷീൽഡും, കോവാക്സിനും മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കില്ല.
ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സിൻ നേരിട്ട് വാങ്ങാനാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. ന്യൂ ഡ്രഗ്‌സ് ആന്റ് ക്ലിനിക്കൽ ട്രയൽസ് റൂൾസ് 2019 പ്രകാരമാണ് വാക്സിനുകൾക്ക് വാണിജ്യ അനുമതി നൽകിയത്. ആറ് മാസം കൂടുമ്പോൾ വാക്സിനേഷൻ വിവരങ്ങൾ ഡിസിജിഐയെ അറിയിക്കണം.
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ പൊതുവിപണിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. നിലവില്‍ ഈ രണ്ടു വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമാണ് ഉള്ളത്. വാക്‌സിനുകളുടെ വിതരണത്തിന് കോവിന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് അടക്കമുള്ള ഉപാധികളാണ് പാലിക്കേണ്ടത്. ആറുമാസം കൂടുമ്പോള്‍ സുരക്ഷ സംബന്ധിച്ച ഡേറ്റ സമര്‍പ്പിക്കണമെന്നും മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്ത് നടപ്പാക്കിയ വാക്സിനേഷൻ ഫലപ്രദമായെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ കേസുകൾ കുറവാണെന്ന് ചൂണ്ടിക്കാണിച്ച ആരോഗ്യ മന്ത്രാലയം 75 % പേർ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചുവെന്നും പറഞ്ഞു. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ആക്ടീവ കേസുകൾ മൂന്ന് ലക്ഷത്തിന് മുകളിലാണെന്ന ആശങ്കയും മന്ത്രാലയം പങ്കുവച്ചു.