തിരുവനന്തപുരം;സംസ്ഥാനത്ത് റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനുവരി 13 മുതൽ നടപ്പിലാക്കിയ സമയക്രമീകരണം പൂർണ്ണമായി പിൻവലിച്ചു. വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ പ്രവർത്തിച്ചു. റേഷൻ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നതായി നാഷണൽ ഇൻഫർമാറ്റിക് സെന്ററും ഐ.ടി മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു ദിവസം റേഷൻ വിഹിതം കൈപ്പറ്റുന്ന കാർഡ് ഉടമകളുടെ ശരാശരി എണ്ണം മൂന്നര ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 വരെ സംസ്ഥാനത്തെ 3,60,225 പേർ റേഷൻ വിഹിതം കൈപ്പറ്റി. റേഷൻ കൈപ്പറ്റിയവരുടെ എണ്ണത്തിൽ ഇത് സമീപകാല റെക്കോഡാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. എന്നാൽ റേഷൻ വിതരണത്തിൽ ഇപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്താൻ ചിലർ ശ്രമിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൈപ്പറ്റിയവരുടെ എണ്ണം മാത്രം എടുത്താൽ തന്നെ ഇത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാകും.
സംസ്ഥാനത്തെ ഏതെങ്കിലും കടയിൽ നെറ്റ് വർക്ക് സംബന്ധമായ തടസ്സം കൊണ്ട് റേഷൻ വിതരണത്തിൽ വേഗതകുറവ് ഉണ്ടായതിനെ പർവ്വതീകരിച്ച് സംസ്ഥാനത്തെ വിതരണം മുഴുവൻ തടസ്സപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുമെന്നതിനാൽ വസ്തുത പരിശോധിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.