ലാലു അലക്സ് ഒരിടവേളയ്ക്ക് ശേഷം തകര്‍പ്പൻ പ്രകടനവുമായി തിരിച്ചെത്തിയിരിക്കുകയാണ്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തില്‍ കുര്യൻ മാളിയേക്കലായി നടത്തിയ അഭിനയമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ലാലു അലക്സിൻ്റെ അഭിനയത്തെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട് രസകരമായൊരു ട്രോളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചിത്രത്തിലെ ഒരു രംഗത്തിൽ ലാലു അലക്സിൻ്റെ ഷർട്ടിൽ അബദ്ധത്തിൽ കറി പറ്റുമ്പോൾ പട്ടായയിൽ നിന്നും കൊണ്ടുവന്ന ഒരു ഷർട്ട് മാറി ഇടേണ്ടി വരുന്നുണ്ട്. ഫാമിലി ഫോട്ടോ എടുക്കുമ്പോൾ പട്ടായ ഷർട്ടും ധരിച്ച് ചമ്മിയ മുഖവുമായി നിൽക്കുന്ന ലാലു അലക്സ് ചിരിയുടെ മാലപ്പടക്കം തന്നെയാണ് ആ രംഗത്ത് വിതറുന്നത്.
എന്നാൽ ഇതിന് പിന്നില്‍ പഴയൊരു പ്രതികാരകഥ കൂടി ഉണ്ടെന്ന് കണ്ടെത്തുകയാണ് പ്രേക്ഷകർ. ജയസൂര്യ നായകനായി എത്തിയ ‘പുലിവാൽ കല്യാണ’ത്തിൽ ഇതുപോലൊരു ടീ ഷർട്ട് ധരിച്ച് പരിപാടിക്കെത്തുന്ന ലാലു അലക്സിനെ ഓർക്കുന്നില്ലേ. അന്ന് തൻ്റെ മാനേജറായ പരമാനന്ദത്തിന് പണികൊടുത്ത് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. അതേ ടീ ഷർട്ട് ധരിച്ച് ജഗതി കുറച്ച് ആളുകളുടെ നടുവിൽ വന്നിരിക്കുന്നതും അവിടെയുള്ളവർ തുറിച്ചുനോക്കുന്നതുമൊക്കെ ഇപ്പോൾ ട്രോൾ രൂപത്തിലും സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്.
അന്ന് ജഗതിക്കുകൊടുത്ത പണിക്കൊരു മറുപണിയാണ് ഇന്ന് ലാലു അലക്സിന് കിട്ടിയതെന്നാണ് ട്രോളന്മാരുടെ ഇടയിൽ അടക്കംപറച്ചിൽ. ലാലു അലക്സ് ചിത്രത്തില്‍ വളരെ മികവോടെയാണ് അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ ലാലു അലക്സിൻ്റെ വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ്.