കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും നാലു വർഷത്തെ തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. തെന്നിന്ത്യയിലെ ഇഷ്ടജോഡികളുടെ വേർപിരിയൽ കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്.
പിന്നാലെ നിരവധി വിമർശനങ്ങളും ആരോപണങ്ങളും സാമന്ത നേരിട്ടിരുന്നു. ഇരുവരും തങ്ങളുടെ വിവാഹ മോചനത്തിൻ്റെ കാരണം വെളിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നാഗചൈതന്യയുടെ അച്ഛനുമായ നാഗാർജുന.
വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്നാണ് ഒരു അഭിമുഖത്തില്‍ നാഗാര്‍ജുന പറഞ്ഞത്. സാമന്തയുടെ തീരുമാനത്തോടൊപ്പം നിൽക്കുകയാണ് നാഗചൈതന്യ ചെയ്തതെന്നും തന്നെക്കുറിച്ചും കുടുംബത്തിൻ്റെ അഭിമാനത്തെക്കുറിച്ചും ഓർത്തു വിഷമമുണ്ടായിരുന്നു എന്നും നാഗാർജുന പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ തുറന്നു പറച്ചിൽ.
”നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാൽ അവന്‍ എന്നെക്കുറിച്ചും കുടുംബത്തിൻ്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. ഞാന്‍ എന്ത് വിചാരിക്കും, കുടുംബത്തിൻ്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടി. ഞാന്‍ വിഷമിക്കുമെന്ന് കരുതി അവന്‍ എന്നെ ആശ്വസിപ്പിച്ചു. നാല് വർഷം ഒരുമിച്ച് ജീവിച്ചവരാണവർ. അങ്ങനെ ഒരു പ്രശ്നവും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. നല്ല അടുപ്പമായിരുന്നു. 2021 ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല”- നാഗാർജുന പറഞ്ഞു.
അടുത്തിടെ നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആ സമയത്ത് തങ്ങൾ രണ്ടുപേരുടെ നല്ലതിനും വേണ്ടിയെടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് താരം പറഞ്ഞത്. ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍.
2017 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.