കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്‍റെ അറസ്റ്റ് അടുത്ത ബുധനാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി. ദിലീപിന്‍റെയും കൂട്ടുപ്രതികളായ നാല് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കോടതിയിൽ മുദ്ര വച്ച കവറിൽ സമർപ്പിക്കുമെന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വ്യക്തമാക്കി.
ജസ്റ്റിസ് പി ഗോപിനാഥിന്‍റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, കോടതി നിർദേശപ്രകാരമാണ് പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യാൻ ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലായി ചോദ്യം ചെയ്ത്, വ്യാഴാഴ്ച അന്വേഷണറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ജസ്റ്റിസ് പി ഗോപിനാഥ് നിർദ്ദേശം നൽകിയിരിക്കുന്നത്.