തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി.ഇയാള്‍ക്കായി തിരുവനന്തപുരം സിറ്റിയിലും റൂറലിലും വ്യാപക പരിശോധനയാണ് പൊലീസ് നടത്തിയത്. ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂര്‍ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിന് (23) ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും ഇന്നലെ രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്.
കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാളില്‍ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോള്‍ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ രാത്രി മുതല്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു.
മുരുക്കുംപുഴയിലെ താബൂക്ക് കമ്പനിയില്‍ ഇയാള്‍ എത്തിയതായി വിവരം ലഭിച്ച പൊലീസ് ഇവിടം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പൊലീസ് പിടികൂടിയത്.