ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണ ഉറപ്പാക്കാനായി ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ബി.ജെ.പി ഏറെ വെല്ലുവിളി നേരിടുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാക്കളാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ ഏറെയും. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ജാട്ട് വിഭാഗം ബി.ജെ.പിയോട് ഇടഞ്ഞ് നില്‍ക്കുകയാണ്. ജാട്ട് വിഭാഗത്തെ അനുനയിപ്പിച്ചു കൂടെ നിര്‍ത്താനാണ് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
ജാട്ട് സമുദായത്തിനായി വിളിച്ചുചേര്‍ത്ത യോഗത്തിനെ വിമര്‍ശിച്ച് രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരി രംഗത്തെത്തി. ‘ഈ ക്ഷണം എനിക്കല്ല, നിങ്ങള്‍ തകര്‍ത്തുകളഞ്ഞ 700 കര്‍ഷകകുടുംബങ്ങള്‍ക്കാണു നിങ്ങള്‍ നല്‍കേണ്ടത്’- ജയന്ത് ചൗധരി പറഞ്ഞു.കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍, എംപിമാരായ സത്യപാല്‍ സിങ്, പര്‍വേശ് വര്‍മ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 200 ജാട്ട് നേതാക്കളെയാണു യോഗത്തിനു ക്ഷണിച്ചത്.
കേന്ദ്രത്തിലും സംസ്ഥാനത്തും ജാട്ട് സമുദായത്തിന് ആനുപാതികമായ പ്രാതിനിധ്യം നല്‍കണമെന്നും ജാട്ട് വിഭാഗത്തിന് സംവരണം നല്‍കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി ഒരു ജാട്ട് പ്രതിനിധി പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളോട് അമിത്ഷാ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.