ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷൻ കിഷോര്‍ ഉപാധ്യായ ബി.ജെ.പിയിലേക്ക്. അദ്ദേഹം ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ജനുവരി മൂന്നിന് കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഇന്‍-ചാര്‍ജുമായ പ്രഹ്ളാദ് ജോഷിയുമായി കിഷോര്‍ ഉപാധ്യായ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കിഷോര്‍ ഉപാധ്യായെ അടുത്തിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നു കാരണം. ശേഷം പാർട്ടി പുറത്താക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. തെഹ്‌രി നിയോജക മണ്ഡലത്തില്‍ നിന്നും അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായിരുന്ന കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക് പോകുന്നത് കോണ്ഗ്രസിന് കനത്ത തിരിച്ചടിയാണ്.