തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പു വെയ്ക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. രാവിലെ പതിനൊന്നരക്കാണ് രാജ്ഭവനിൽ കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് സംഘം ഗവര്‍ണറെ കാണുക. ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, പി.എം.എ. സലാം, മോന്‍സ് ജോസഫ് , എ.എ. അസീസ്, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ലോകായുക്തയില്‍ പരാതികള്‍ നിലനില്‍ക്കുന്ന കാര്യവും ഗവര്ണറെനേതാക്കൾ ധരിപ്പിക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ കൈമാറിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പരിശോധിച്ചുവെങ്കിലും തീരുമാനം എടുത്തിട്ടില്ല. നിയമോപദേശം തേടി അത് കൂടി പരിഗണിച്ചാവും തീരുമാനം.അതേസമയം എജിയുടെ നിയമോപദേശപ്രകാരമാണ് ഓർഡിനൻസ് എന്നാണ് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ നിയമമന്ത്രി വിശദീകരിച്ചത്.